ഇന്ന് കലിംഗ സൂപ്പർ കപ്പിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. തോൽവി വഴങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി ഏൽപ്പിച്ചിട്ടുണ്ട്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്നും പുറത്തായി കഴിഞ്ഞു.
5 വിദേശ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് ഇവാൻ വുക്മനോവിച്ച് ഇന്നത്തെ മത്സരത്തിൽ ഇലവനെ ഇറക്കിയത്. എന്നാൽ ഖാലിദ് ജമീലിന്റെ ജംഷെഡ്പൂർ മികച്ച പ്രകടനം നടത്തുകയായിരുന്നു.പ്രത്യേകിച്ച് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്താൻ അവർക്ക് സാധിച്ചു. കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ സാധിക്കാതെ പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയും ചെയ്തു.
മത്സരത്തിന്റെ 29 മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു. അത് ദിമി ഗോളാക്കി മാറ്റി.പക്ഷേ ആ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 33ആം മിനിട്ടിൽ ചീമ ചുക്വു അവർക്ക് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവ് തിരിച്ചടിയായി എന്ന് വേണമെങ്കിൽ പറയാം.
രണ്ടാം പകുതിയിൽ 57ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോൾ വഴങ്ങി.ചീമയുടെ ഷോട്ട് ഗോൾകീപ്പർ സച്ചിൻ സുരേഷിന് കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കുമായിരുന്നുവെങ്കിലും അത് വഴുതി പോവുകയായിരുന്നു. പ്രതിരോധത്തിലെ അശ്രദ്ധ തന്നെയാണ് ഈ ഗോളിന് വഴിവെച്ചത്.എന്നാൽ അധികം വൈകാതെ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി മറ്റൊരു പെനാൽറ്റി ലഭിച്ചു. അതും ദിമി ഗോളാക്കി മാറ്റി.
പക്ഷേ 69ആം മിനിറ്റിൽ അവർക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു.മൻ സോറോ ഗോളാക്കി മാറ്റിയതോടെ 3-2 എന്ന സ്കോറിന്റെ തോൽവി കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുകയായിരുന്നു. നിലവിൽ ആറ് പോയിന്റ് ഉള്ള ജംഷെഡ്പൂർ ഒന്നാം സ്ഥാനത്താണ്.ഒന്നാം സ്ഥാനക്കാർക്ക് മാത്രമാണ് സെമിയിൽ പ്രവേശിക്കാൻ സാധിക്കുക. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ജംഷെഡ്പൂർ സെമിയിൽ പ്രവേശിക്കുകയും ചെയ്തു.