ക്ലബ്ബിനോട് വിടപറഞ്ഞ ഇവാൻ വുക്മനോവിച്ചിന് ട്വിറ്ററിലൂടെ സന്ദേശം നൽകി ബ്ലാസ്റ്റേഴ്സ് ഉടമ നിഖിൽ!
കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന്റെ ക്ലബ്ബിലെ യാത്ര അവസാനിച്ചിരിക്കുന്നു. മൂന്ന് വർഷക്കാലമാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത്. മൂന്ന് തവണയും ക്ലബ്ബിനെ പ്ലേ ഓഫിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന് മുൻപ് ഉണ്ടായിരുന്ന പരിശീലകരിൽ നിന്നും വളരെ വ്യത്യസ്തനായ പരിശീലകനായിരുന്നു വുക്മനോവിച്ച്.
ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു വുക്മനോവിച്ച്.ആരാധകർ നൽകുന്ന സ്നേഹം തിരിച്ച് നൽകാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പക്ഷേ മൂന്ന് വർഷക്കാലയളവിൽ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി മുഴച്ചു നിന്നിരുന്നു.അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇപ്പോൾ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.ഏതായാലും വുക്മനോവിച്ച് എന്ന പരിശീലകനെ തീർച്ചയായും ബ്ലാസ്റ്റേഴ്സ് ആരാധകർ മിസ്സ് ചെയ്യും. അഭേദ്യമായ ബന്ധമായിരുന്നു ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നത്.
വുക്മനോവിച്ച് ക്ലബുമായി വഴിപിരിഞ്ഞ സ്റ്റേറ്റ്മെന്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥന്മാരിൽ ഒരാളായ നിഖിൽ ബി തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു.ഇപ്പോൾ ട്വിറ്ററിലൂടെ അദ്ദേഹം മറ്റൊരു മെസ്സേജ് പങ്കുവെച്ചിട്ടുണ്ട്. ഹൃദയം നിറഞ്ഞ നന്ദിയാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്.നിഖിൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്.
ഇവാൻ വുക്മനോവിച്ച്,നിങ്ങളൊരു പരിശീലകനായി കൊണ്ടാണ് ഇവിടേക്ക് എത്തിയത്. പക്ഷേ ഇവിടെ നിന്നും നിങ്ങൾ മടങ്ങുന്നത് എന്റെ ഒരു നല്ല സുഹൃത്തായി കൊണ്ടാണ്. എല്ലാ മേഖലയിലും നിങ്ങൾ ശരിയായ ഒരു ജന്റിൽമാൻ ആയിരുന്നു.വളരെയധികം പ്രൊഫഷണലായ ഒരു വ്യക്തി കൂടിയാണ് നിങ്ങൾ. കേരള ബ്ലാസ്റ്റേഴ്സിലുള്ള എല്ലാവരും നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു, ഇതാണ് നിഖിൽ എഴുതിയിട്ടുള്ളത്.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. എന്നാൽ സുപ്രധാന താരങ്ങൾക്ക് പരിക്കേറ്റതോടെ വുക്മനോവിച്ചിന്റെ പ്ലാനുകൾ പാളുകയായിരുന്നു.പ്ലേ ഓഫിലേക്ക് യോഗ്യത നേടിയെങ്കിലും ഒഡീഷയോട് പരാജയപ്പെട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു.അതിന് പിന്നാലെയാണ് ഈ ഒരു തീരുമാനം ബ്ലാസ്റ്റേഴ്സ് എടുത്തിട്ടുള്ളത്.