ഒഫീഷ്യൽ:ഒരു വിദേശ താരത്തെ ഒഴിവാക്കി,ലൂണയെ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തു
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മത്സരമാണ് ഇനി വരാനിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.ഇനി ഹൈദരാബാദിനെതിരെ ഒരു ഗ്രൂപ്പ് മത്സരം കൂടി ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടതുണ്ട്. അതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് മത്സരമാണ് കളിക്കുക.
ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് അഡ്രിയാൻ ലൂണയുടെ മടങ്ങി വരവിന് വേണ്ടിയാണ്.അദ്ദേഹം ട്രെയിനിങ് ഒക്കെ ഇപ്പോൾ നടത്തുന്നുണ്ട്. പക്ഷേ പ്ലേ ഓഫ് മത്സരത്തിൽ കളിക്കും എന്നുള്ളത് നമുക്ക് ഒരിക്കലും ഉറപ്പിച്ച് പറയാൻ സാധിക്കില്ല. പരമാവധി അദ്ദേഹത്തെ കളിപ്പിക്കാനുള്ള ശ്രമങ്ങൾ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാവുക. ഇതിനിടെ ഒരു ശുഭവാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ ആയിക്കൊണ്ട് ലൂണയെ ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹം പരിക്കു മൂലം പുറത്തായ സമയത്ത് താരത്തിന്റെ രജിസ്ട്രേഷൻ ഒഴിവാക്കിയിരുന്നു. പകരം ഫെഡോർ ചെർനിച്ചിനെ കൊണ്ടുവരികയും ചെയ്തിരുന്നു. അതിന് പിന്നാലെയായിരുന്നു പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് നഷ്ടമായത്. അതോടെ ജസ്റ്റിൻ ഇമ്മാനുവലിനെ ബ്ലാസ്റ്റേഴ്സ് ലോണിൽ നിന്നും തിരികെ കൊണ്ടുവന്നു.
പക്ഷേ ജസ്റ്റിൻ ഇപ്പോൾ പരിക്കു മൂലം പുറത്തായിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തുകൊണ്ട് അദ്ദേഹത്തെ സ്‌ക്വാഡിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിട്ടുണ്ട്. പകരമാണ് ഇപ്പോൾ അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇതിനർത്ഥം അദ്ദേഹം ഉറപ്പായും കളിക്കും എന്ന് പറയാൻ സാധിക്കില്ല. പക്ഷേ പ്ലേ ഓഫ് മത്സരത്തിന്റെ സ്‌ക്വാഡിന്റെ ഭാഗമായി കൊണ്ട് അഡ്രിയാൻ ലൂണ ഉണ്ടാവും.
ഈ സീസണിൽ ലീഗിൽ 3 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ദിമിയെ നഷ്ടമായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. അദ്ദേഹം പ്ലേ ഓഫ് കളിക്കാനുള്ള സാധ്യതകൾ കുറവാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.അതേസമയം ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ രണ്ട് ഗോളുകൾ നോർത്ത് ഈസ്റ്റ് നേടുകയായിരുന്നു.