സൂപ്പർ കപ്പിലെ ദുർഭൂതം കേരള ബ്ലാസ്റ്റേഴ്സിനെ വിട്ടൊഴിയുന്നില്ല,സമ്മാനിച്ചിട്ടുള്ളത് നിരാശ മാത്രം,ഇത്തവണയും മാറ്റമില്ല.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ കലിംഗ സൂപ്പർ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മോശം പ്രകടനമായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നോട് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നത്.
കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂർ എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. അതോടുകൂടി തന്നെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്നും പുറത്തായിരുന്നു.അതുകൊണ്ടുതന്നെ വലിയ പ്രാധാന്യമൊന്നും ഇന്നലത്തെ മത്സരത്തിന് നൽകിയിരുന്നില്ല.പക്ഷേ അത് ഇത്രയും വലിയ തോൽവിയിലേക്ക് വഴി വെക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ഒരിക്കൽ കൂടി ദയനീയമായ രീതിയിൽ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് അവസാനിപ്പിച്ചു കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ ഇക്കാലമത്രയും മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്. ആ ദുർഭൂതം ഇപ്പോഴും വിട്ടൊഴിയുന്നില്ല. 2018 ലാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ കളിച്ചത്.അന്ന് പ്രീ ക്വാർട്ടറിൽ കേരള ബ്ലാസ്റ്റേഴ്സ് നെരോക്ക എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയായിരുന്നു. 2019ൽ ക്വാളിഫയറിൽ തന്നെ പരാജയപ്പെട്ടു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി. ഇന്ത്യൻ ആരോസായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷവും ബ്ലാസ്റ്റേഴ്സിന് ഒരു പുരോഗതിയും നേടാൻ കഴിഞ്ഞില്ല.ഗ്രൂപ്പിൽ നിന്നും പുറത്തു കടക്കാൻ പോലും കഴിഞ്ഞില്ല.
ഇത്തവണയും അതിനു മാറ്റമില്ല. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി കഴിഞ്ഞു.രണ്ട് തോൽവികളും വഴങ്ങേണ്ടിവന്നു എന്നത് ക്ഷീണം ചെയ്യുന്ന കാര്യമാണ്. ചുരുക്കത്തിൽ സൂപ്പർ കപ്പിൽ ഒന്നും തന്നെ അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇല്ല.മാത്രമല്ല വളരെ ലാഘവത്തോടെ കൂടിയാണ് സൂപ്പർ കപ്പിന് ക്ലബ്ബ് പരിഗണിക്കുന്നത്.
ഇനി അടുത്ത ഐഎസ്എൽ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. 10 വർഷങ്ങൾ പിന്നിട്ടിട്ടും കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്തതിന്റെ വേദന ഇപ്പോഴും ആരാധകർക്കുണ്ട്.ഐഎസ്എൽ ഷീൽഡോ കപ്പോ നേടിക്കൊണ്ട് ആ വേദന നികത്തേണ്ടതുണ്ട്.കിരീട വരൾച്ചക്ക് വിരാമം കുറിക്കാൻ ഇത്തവണയെങ്കിലും സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.