ആ ബ്ലാസ്റ്റേഴ്‌സ് താരമാണ് എന്നെ ഇന്ത്യയിലേക്കെത്താൻ പ്രേരിപ്പിച്ചത് :ലൂക്ക മജ്സെൻ
ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സിക്ക് വേണ്ടി കളിക്കുന്ന സ്ലോവേനിയൻ സൂപ്പർതാരമാണ് ലൂക്ക മജ്‌സെൻ. ഗംഭീര പ്രകടനമാണ് അദ്ദേഹം ഇതുവരെ ഇന്ത്യയിൽ നടത്തിയിട്ടുള്ളത്. ആദ്യ സീസണിൽ തന്നെ ഐ ലീഗിലെ ടോപ്പ് സ്കോറർ പട്ടം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഐഎസ്എൽ ഇതുവരെ പഞ്ചാബിന് വേണ്ടി 30 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ 8 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.
ഇന്ത്യയിലേക്ക് എത്താൻ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ച് ഇപ്പോൾ ലൂക്ക മജ്‌സെൻ സംസാരിച്ചിട്ടുണ്ട്.മുൻപ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച സ്ലോവേനിയയൻ താരമാണ് മറ്റേജ് പോപ്ലാറ്റനിക്ക്. ബ്ലാസ്റ്റേഴ്സ് ആരാധകർ താരത്തെ മറക്കാൻ സാധ്യതയില്ല.ആ താരത്തിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് താൻ ഇന്ത്യയിലേക്ക് എത്തിയത് എന്നാണ് മജ്‌സെൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഐഎസ്എല്ലിൽ കളിക്കാൻ ആഗ്രഹിച്ചിരുന്നു.ഇന്ത്യയിലെ മറ്റു ലീഗുകളെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. ഐഎസ്എല്ലിൽ നിന്നും എനിക്ക് ഓഫറുകൾ വരുമെന്ന തോന്നലിലാണ് ഞാൻ ഇന്ത്യയിലേക്ക് പോകാൻ തീരുമാനിച്ചത്.പോപ്ലാറ്റനിക്കാണ് എനിക്ക് പ്രചോദനമായത്. ഇന്ത്യയിലെ പല ക്ലബ്ബുകൾക്ക് വേണ്ടിയും ഞാൻ കളിച്ചു.യഥാർത്ഥത്തിൽ ഞാൻ ഫുട്ബോൾ അവസാനിക്കുന്നതിന്റെ വക്കിലായിരുന്നു. പക്ഷേ ഇന്ത്യയാണ് എന്നെ രക്ഷിച്ചത്. ഇന്ത്യൻ ഫുട്ബോളിലൂടെ ഞാൻ വീണ്ടും ഫുട്ബോൾ ആസ്വദിച്ചു തുടങ്ങി.ഐഎസ്എല്ലിൽ കളിക്കുക എന്ന സ്വപ്നത്തോടുകൂടിയാണ് ഞാൻ പഞ്ചാബിൽ എത്തിയത്.അത് യാഥാർത്ഥ്യമാവുകയും ചെയ്തു ” ഇതാണ് ലൂക്ക മജ്‌സെൻ പറഞ്ഞിട്ടുള്ളത്.
പോപ്ലാറ്റനിക്കിന്റെ അതേ നാട്ടുകാരനാണ് ലൂക്കാ മജ്‌സെൻ.2018 മുതൽ 2020 വരെയായിരുന്നു ഈ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത്. ഐഎസ്എല്ലിൽ 16 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയിട്ടുള്ളത്.