നോവയാണോ ബ്ലാസ്റ്റേഴ്സിന്റെ ബാലൻസ് ഇല്ലാതാക്കുന്നത്?വിലയിരുത്തലുകളുമായി ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജംഷഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.ഈ മത്സരത്തിൽ സൂപ്പർതാരം നോവ സദോയി ഇറങ്ങിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച പോലെയുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ പെർഫോമൻസിന് ഇപ്പോൾ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.
അതായത് ഇന്നലത്തെ മത്സരത്തിൽ ഏഴ് തവണയാണ് ഡ്രിബിൾ ചെയ്യാൻ ശ്രമിച്ചത്.ആ 7 തവണയും അദ്ദേഹം പരാജയപ്പെടുകയായിരുന്നു. മാത്രമല്ല 21 തവണ അദ്ദേഹത്തിന്റെ പക്കലിൽ നിന്ന് ബോൾ നഷ്ടപ്പെടുകയും ചെയ്തു. ഇത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട ഒരുപാട് അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.നോവ കേരള ബ്ലാസ്റ്റേഴ്സിന്റെ ബാലൻസ് ഇല്ലാതാക്കുന്നു എന്നാണ് ചിലർ ആരോപിച്ചിട്ടുള്ളത്.
നോവ ഉള്ളത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് കൂടുതലായിട്ട് അദ്ദേഹത്തെ ആശ്രയിച്ചു കളിക്കുന്നു. എല്ലാ താരങ്ങളും അദ്ദേഹത്തിലേക്ക് പന്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. അത് ക്ലബ്ബിന്റെ ക്രിയേറ്റിവിറ്റിയെ പൂർണ്ണമായും ഇല്ലാതാക്കുന്നു.നോവ ഉള്ളതുകൊണ്ടുതന്നെ അഡ്രിയാൻ ലൂണക്ക് തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ കഴിയുന്നില്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ വളരെയധികം ശക്തമാണ്.
ഇതുമായി ബന്ധപ്പെട്ടു കൊണ്ട് എക്‌സിൽ ചില ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതിൽ ഒരു ആരാധകൻ പറഞ്ഞത് ഇപ്രകാരമാണ്.
“നോവയെ ടീം ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പ്രകടനത്തിന് യാതൊരുവിധ സ്ഥിരതയും ഇല്ല. അദ്ദേഹം ഉള്ളതുകൊണ്ട് തന്നെ നമ്മുടെ ഡൊമസ്റ്റിക് താരങ്ങൾ എല്ലാവരും അദ്ദേഹത്തിലേക്ക് മാത്രം പന്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. കൂടുതൽ ക്രിയേറ്റീവ് ആയിട്ടുള്ള ഓപ്ഷനുകൾക്ക് വേണ്ടി ആരും ശ്രമിക്കുന്നില്ല. അതുകൊണ്ട് തന്നെ ടീമിനകത്ത് ഒരു സമ്പൂർണ്ണ അഴിച്ചു പണി ആവശ്യമാണ്.ലൂണ,ജീസസ് എന്നിവർ ഒഴികെയുള്ള എല്ലാ വിദേശ താരങ്ങളെയും ക്ലബ്ബ് ഒഴിവാക്കണം ” ഇതാണ് ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.
ഇതിനോട് യോജിച്ചുകൊണ്ട് മറ്റൊരു ബ്ലാസ്റ്റേഴ്സ് ആരാധകൻ രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം ഇപ്രകാരമാണ്.
” ഇതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. അല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ ഉള്ളത് ടീമിന്റെ ഗെയിം സ്റ്റൈൽ പൂർണമായും മാറ്റുക എന്നതാണ്.നോവയെ മാത്രം ആശ്രയിച്ചു കളിക്കുന്നത് ഒരിക്കലും ടീമിന് ഗുണകരമാവില്ല. അത് പൂർണ്ണമായും മാറേണ്ടതുണ്ട് ” ഇതാണ് ഒരു ആരാധകൻ പറഞ്ഞിട്ടുള്ളത്.
നോവയെ കുറിച്ച് എഫ്സി ഗോവയുടെ ഒരു ആരാധകൻ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. അത് ഇങ്ങനെയാണ്.
” ഞങ്ങൾ ഗോവ ആരാധകർ ഈ പ്രശ്നം മുന്നേ ഉന്നയിച്ചതാണ്. സീസൺ അവസാനിക്കുമ്പോൾ നോവക്ക് മികച്ച കണക്കുകൾ അവകാശപ്പെടാൻ ഉണ്ടാകും. പക്ഷേ അദ്ദേഹം ടീമിന്റെ സ്ഥിരതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇന്നലത്തെ മത്സരം തന്നെ എടുത്തു നോക്കൂ.ഒരു ഡ്രിബിൾ പോലും വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. 21 തവണ പന്ത് നഷ്ടമായി. ഇത് താരത്തോടുള്ള ഹേറ്റ് അല്ല. മറിച്ച് ഇതൊരു യാഥാർത്ഥ്യമാണ് ” ഇതാണ് ഗോവൻ ആരാധകൻ അഭിപ്രായപ്പെട്ടിട്ടുള്ളത്.
എന്നാൽ നോവയെ പിന്തുണച്ചുകൊണ്ട് ഒരുപാടുപേർ രംഗത്ത് വന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിൽ നിലവിൽ ഏറ്റവും കൂടുതൽ ഹാർഡ് വർക്ക് ചെയ്യുന്ന താരം നോവ തന്നെയാണ്. ടീമിന്റെ മോശം പ്രകടനത്തിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. നന്നായി കളിക്കുന്ന നോവയെ പഴി ചാരുന്നതിൽ യാതൊരുവിധ അർത്ഥമില്ലെന്നും ഇക്കൂട്ടർ വാദിക്കുന്നുണ്ട്.