കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ ടീമിനെ സംബന്ധിച്ചിടത്തോളം ഇന്നലെ തിരക്കേറിയ ഒരു ദിവസമായിരുന്നു. സുപ്രധാന അനൗൺസ്മെന്റ്കൾ ആണ് ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഒരൊറ്റ ദിവസം നാലു പേർക്കാണ് ബ്ലാസ്റ്റേഴ്സ് നന്ദി പറഞ്ഞിട്ടുള്ളത്. നന്ദി ദിനമായി കൊണ്ടാണ് പലരും ഇതിനെ രേഖപ്പെടുത്തിയിട്ടുള്ളത്.
സുപ്രധാന പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് നടത്തിയത് ദിമിയുടെ കാര്യത്തിൽ തന്നെയാണ്.അദ്ദേഹം ക്ലബ്ബ് വിട്ടു എന്നുള്ളത് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് അവർ പ്രസിദ്ധീകരിച്ചു.കൂടാതെ ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. ഇതിന് പുറമേ കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവന് ബ്ലാസ്റ്റേഴ്സ് ഇന്നലെ നന്ദി പറഞ്ഞു.
ഇവാൻ വുക്മനോവിച്ചിന്റെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്ന പരിശീലകനാണ് ഫ്രാങ്ക് ഡോവൻ.10 മത്സരങ്ങളിലാണ് ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നത്.ഇനി ബ്ലാസ്റ്റേഴ്സ് പുതിയ അസിസ്റ്റന്റ് പരിശീലകന് കീഴിലാണ് ഉണ്ടാവുക. ഇതിന് പുറമേ രണ്ട് ഗോൾ കീപ്പർമാരോടും കേരള ബ്ലാസ്റ്റേഴ്സ് നന്ദി പറഞ്ഞിട്ടുണ്ട്. ഒരാൾ 37 കാരനായ കരൺജിത് സിങാണ്.
അദ്ദേഹം ക്ലബ്ബ് വിട്ടകാര്യം ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായിക്കൊണ്ട് അറിയിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ലാറ ശർമയും ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്.അദ്ദേഹത്തിനും ക്ലബ്ബ് നന്ദി പറഞ്ഞു.ലോൺ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. ബംഗളൂരിലേക്ക് അദ്ദേഹം മടങ്ങി പോവുകയാണ്.ഇങ്ങനെ നാല് പേരാണ് ഇന്നലെ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുള്ളത്.
പക്ഷേ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. കൂടുതൽ നന്ദി പറച്ചിലുകൾ ഇന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മാർക്കോ ലെസ്ക്കോവിച്ച് ഉൾപ്പെടെയുള്ള താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിടുകയാണ്. അധികം വൈകാതെ തന്നെ ഇക്കാര്യങ്ങളിൽ ഒക്കെ ഓഫീസിൽ പ്രഖ്യാപനങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിയേക്കും.