തീർന്നെന്ന് കരുതിയോ? ചാരത്തിൽ നിന്നുയർന്നേറ്റ ഫീനിക്സ് പക്ഷിയായി ബ്ലാസ്റ്റേഴ്സ്,പെപ്രയും ദിമിയും ഹീറോസ്.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് അരങ്ങേറിയത് ഒരു തീപാറും പോരാട്ടമാണ്. അടിയും തിരിച്ചടിയുമായി ആരാധകരെ ആവേശത്തിൽ ആറാടിച്ച ഒരു മത്സരം കലാശിച്ചത് സമനിലയിലാണ്. ആകെ 6 ഗോളുകളാണ് മത്സരത്തിൽ പിറന്നത്. ബ്ലാസ്റ്റേഴ്സും ചെന്നൈയും മൂന്ന് ഗോളുകൾ വീതം നേടിക്കൊണ്ട് കൈക്കൊടുത്ത് പിരിയുകയായിരുന്നു. ആക്രമണ പ്രത്യാക്രമണങ്ങൾ കണ്ട മത്സരത്തിൽ ഗംഭീരമായ ഒരു തിരിച്ചുവരവാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്.
ചില മാറ്റങ്ങൾ വരുത്തി കൊണ്ടാണ് ഇവാൻ വുക്മനോവിച്ച് ആദ്യ ഇലവനെ ഇറക്കിയത്.സക്കായ്ക്കൊപ്പം പ്രതിരോധനിരയിലെ പ്രീതം കോട്ടാലിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.വുക്മനോവിച്ച് എടുത്ത ആ തീരുമാനം പാളി എന്ന് തോന്നിപ്പിച്ച ആദ്യപകുതിയാണ് കടന്നുപോയത്.3 ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യപകുതിയിൽ തന്നെ വഴങ്ങേണ്ടി വരികയായിരുന്നു. ഡിഫൻസിന്റെ പോരായ്മയായിരുന്നു അവിടെ കാണിക്കപ്പെട്ടത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റഹീം അലി കേരള ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി.ഫ്രീകിക്കിൽ നിന്നും ഒരു മനോഹരമായ ഫിനിഷിംഗ് ആണ് അദ്ദേഹം നടത്തിയത്. എന്നാൽ 10 മിനിറ്റിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു.പെപ്രയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദിമിത്രിയോസ് ഗോളാക്കി മാറ്റുകയായിരുന്നു.പക്ഷേ ആ ആഘോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. രണ്ടുമിനിട്ടിനകം ചെന്നൈക്കും ഒരു പെനാൽറ്റി ലഭിച്ചു.ജോർദാൻ മറേ അത് ഗോളാക്കി മാറ്റുകയായിരുന്നു.24ആം മിനിറ്റിൽ വീണ്ടും മറേ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകർത്തു.റഹീം അലിയുടെ അസിസ്റ്റിൽ അദ്ദേഹം ഗോൾ നേടുകയായിരുന്നു.
അതോടെ കേരള ബ്ലാസ്റ്റേഴ്സ് 3-1 എന്ന സ്കോറിന് പിന്നിലായി. പക്ഷേ പെപ്ര തന്റെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ആദ്യ ഗോൾ കണ്ടെത്തുകയായിരുന്നു.38ആം മിനുട്ടിൽ ലൂണ നടത്തിയ ഷോട്ട് ശ്രമം പാളിയെങ്കിലും അത് വന്നു വീണത് പെപ്രയുടെ കാലുകളിലാണ്. ഒരു കിടിലൻ ഷോട്ടിലൂടെ അത് അദ്ദേഹം വലയിൽ എത്തിച്ചു. ആദ്യപകുതി അവസാനിച്ചപ്പോൾ 3-2 എന്ന നിലയിലായി മത്സരം.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ കടുപ്പിച്ചു. അതിന്റെ ഫലമായി കൊണ്ട് 59ആം മിനുട്ടിൽ ഒരു ഗംഭീര ഗോൾ പിറന്നു.ദിമിത്രിയോസ് കിടിലൻ ലോങ്ങ് റേഞ്ച് ഗോൾ നേടുകയായിരുന്നു. ഇതോടെ മത്സരം 3-3 സമനിലയിലായി.പിന്നീട് വിജയ ഗോളിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾ തുടരെ നടത്തി. മത്സരത്തിന്റെ അവസാനത്തിൽ ഒരു സുവർണാവസരം സക്കായ്ക്ക് ലഭിച്ചു. എന്നാൽ അത് അദ്ദേഹം പാഴാക്കുകയായിരുന്നു.ഇതോടെ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. സമനില വഴങ്ങിയെങ്കിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.