ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന പതിനൊന്നാം റൗണ്ട് പോരാട്ടത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയാണ് ചെയ്തിട്ടുള്ളത്.രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ചിരവൈരികളായ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. സുനിൽ ഛേത്രിയുടെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന് ഈ വലിയ തോൽവി സമ്മാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമിനസ്,ഫ്രഡി എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്.
ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.അതിന് പ്രതികാരം തീർക്കാൻ ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ എന്ന് ആരാധകർ ഉറ്റു നോക്കിയിരുന്ന ഒരു കാര്യമായിരുന്നു. അതുകൊണ്ടുതന്നെ നിരവധി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഈ മത്സരം വീക്ഷിക്കാൻ വേണ്ടി ബംഗളൂരു എഫ്സിയുടെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അവർക്കെല്ലാവർക്കും തന്നെ നിരാശരായി തലതാഴ്ത്തി മടങ്ങേണ്ടിവന്നു.
നിരവധി ബംഗളൂരു ആരാധകരും ഈ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നു. ഒരു ഭാഗത്ത് ബ്ലാസ്റ്റേഴ്സിന് വേണ്ടി മഞ്ഞപ്പട ആർത്തു വിളിച്ചപ്പോൾ മറുഭാഗത്ത് ബംഗളൂരു എഫ്സിക്ക് വേണ്ടി വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ആർത്ത് വിളിക്കുന്നുണ്ടായിരുന്നു. മികച്ച ഒരു അറ്റൻഡൻസ് തന്നെ ഈ മത്സരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 22302 ആരാധകരാണ് ഈ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയിരുന്നത്.ഈ സ്റ്റേഡിയത്തിൽ ഫ്ലാഷ് യുദ്ധം ഉണ്ടായത് ഒരല്പം ശ്രദ്ധ നേടിയിട്ടുണ്ട്.
അതായത് ബംഗളൂരു എഫ്സി രണ്ട് ഗോളുകളുടെ ലീഡ് എടുത്തതോടെ അവരുടെ ആരാധകർ മൊബൈൽ ഫ്ലാഷ് തെളിച്ച് കൊണ്ട് തങ്ങളുടെ കരുത്ത് കാണിച്ചിരുന്നു.എന്നാൽ പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ തിരിച്ചടിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഇതിനു മറുപടി നൽകി. അവരും മൊബൈൽ ഫ്ലാഷ് തെളിയിക്കുകയായിരുന്നു. പക്ഷേ ബംഗളൂരു എഫ്സി വീണ്ടും ലീഡ് എടുത്തുതോടെ അവരുടെ ആരാധകർ ഇതിനും മറുപടി നൽകുകയായിരുന്നു. ഇങ്ങനെ ഒരു ഫ്ലാഷ് യുദ്ധമാണ് മത്സരത്തിനിടയിൽ ആരാധകർക്കിടയിൽ അരങ്ങേറിയത്.
മത്സരത്തിൽ പരാജയപ്പെട്ടതോടുകൂടി സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകളും പരിഹാസങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്. സ്റ്റേഡിയത്തിൽ ബംഗളൂരു ആരാധകർ ഒരു ടിഫോ ഉയർത്തിയിരുന്നു.വാക്കുകളേക്കാൾ ശബ്ദം ഉള്ളതാണ് ട്രോഫികൾ എന്നായിരുന്നു അവർ അതിൽ എഴുതിയിരുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചയെ പരിഹസിക്കുകയായിരുന്നു അവർ ചെയ്തിരുന്നത്. ഏതായാലും ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടത് ആരാധകരെ വല്ലാതെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.