ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. പൊതുവേ ദുർബലരായ കോസ്റ്റാറിക്കയാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ വരികയായിരുന്നു. മത്സരത്തിൽ ബ്രസീലാണ് ആധിപത്യം പുലർത്തിയതെങ്കിലും ഗോളടിക്കാനായില്ല എന്നത് അവർക്ക് നിരാശ നൽകുന്ന കാര്യമാണ്.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മുന്നേറ്റ നിരയിൽ വിനീഷ്യസ്,റോഡ്രിഗോ,റാഫീഞ്ഞ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ റോഡ്രിഗോ മികച്ച പ്രകടനം നടത്തി. അതേസമയം വിനിയും റാഫീഞ്ഞയും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം നടത്തിയിരുന്നില്ല.അതുകൊണ്ടുതന്നെയാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈ രണ്ടു താരങ്ങളെയും ബ്രസീൽ പരിശീലകന് പിൻവലിക്കേണ്ടി വന്നത്.
തുടർന്ന് റാഫീഞ്ഞയുടെ സ്ഥാനത്ത് സാവിഞ്ഞോ വന്നു. സ്ട്രൈക്കർ പൊസിഷനിൽ എൻഡ്രിക്ക് വരികയും ചെയ്തു.ഇതിൽ സാവിഞ്ഞോ മികച്ച പ്രകടനമാണ് നടത്തിയത്. എതിർ പ്രതിരോധനിരക്ക് ഭീതി സൃഷ്ടിക്കുന്ന മുന്നേറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാവിഞ്ഞോക്ക് സാധിച്ചിരുന്നു.ബ്രസീൽ കൂടുതൽ ഗോളവസരങ്ങൾ തുറന്നെടുത്തതും ഈ സമയത്ത് തന്നെയാണ്.
അതുകൊണ്ടുതന്നെ ബ്രസീൽ ആരാധകർ ഇപ്പോൾ ഒരു ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. അടുത്ത മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സാവിഞ്ഞോ,എൻഡ്രിക്ക് എന്നിവരെ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം. മികച്ച രൂപത്തിൽ കളിക്കാത്ത വിനി,റാഫീഞ്ഞ എന്നിവരെ ആവശ്യമില്ല എന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ഏതായാലും കാര്യമായ മാറ്റങ്ങൾ അടുത്ത മത്സരത്തിൽ പരിശീലകൻ വരുത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്