അർജന്റീനയെ നേരിടാൻ ബ്രസീലിയൻ സൂപ്പർതാരമില്ല, പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തി ഡിനിസ്.
ബ്രസീലിയൻ നാഷണൽ ടീം സമീപകാലത്തെ ഏറ്റവും മോശം നിലയിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ഒരു മത്സരം പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നില്ല.വെനിസ്വേലയോട് ബ്രസീൽ സമനില വഴങ്ങുകയായിരുന്നു. അതിനുശേഷം ഉറുഗ്വയോട് ബ്രസീൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയും ചെയ്തു.
ഇനി കരുത്തർക്കെതിരെയാണ് ബ്രസീൽ കളിക്കേണ്ടത്.വരുന്ന പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികൾ. അതിനുശേഷം ഇരുപത്തിരണ്ടാം തീയതി അർജന്റീനയെയാണ് ബ്രസീൽ നേരിടുക.കടുത്ത വെല്ലുവിളികളാണ് ഈ രണ്ടു മത്സരങ്ങളിലും ബ്രസീലിന് നേരിടേണ്ടി വരിക.ഇതിനുപുറമേ മറ്റൊരു തിരിച്ചടി കൂടി ഇവിടെ ലഭിച്ചിട്ടുണ്ട്.
ബ്രസീലിന്റെ ഗോൾകീപ്പർ എഡേഴ്സണ് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ചെൽസിക്കെതിരെയുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾവല കാത്തിരുന്നത് ഇദ്ദേഹമായിരുന്നു.4-4 എന്ന നിലയിലായിരുന്നു ആ മത്സരം അവസാനിച്ചിരുന്നത്. ആ മത്സരത്തിനിടയിൽ ഗോൾകീപ്പറുടെ ലെഫ്റ്റ് ഫൂട്ടിന് പരിക്ക് ഏൽക്കുകയായിരുന്നു. അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്.അതുകൊണ്ടുതന്നെ അദ്ദേഹം ബ്രസീൽ ടീമിൽ നിന്നും പുറത്തായിട്ടുണ്ട്.
പകരക്കാരനെ ഇപ്പോൾ ഡിനിസ് ഉൾപ്പെടുത്തിയിട്ടുണ്ട്. 24 കാരനായ ബെന്റോയാണ് ബ്രസീൽ ടീമിൽ ഇടം നേടിയിരിക്കുന്നത്. ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പാരനെയ്ൻസിന്റെ താരമാണ് ബെന്റോ. പക്ഷേ അവസരങ്ങൾ അദ്ദേഹത്തിന് ലഭിക്കില്ല. ഒന്നാം ഗോൾകീപ്പർ ആയിക്കൊണ്ട് ആലിസൺ ബക്കർ ടീമിലുണ്ട്. രണ്ടാം ഗോൾകീപ്പറുടെ സ്ഥാനത്ത് ലുക്കാസ് പെറിയാണ് വരുന്നത്.
പരിക്കുകൾ ഇപ്പോൾ ബ്രസീലിന് വലിയ ഒരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നെയ്മർ ജൂനിയറെ ദീർഘകാലത്തേക്ക് നഷ്ടമായിട്ടുണ്ട്. മാത്രമല്ല കാസമിറോയും ഡാനിലോയും പരിക്കിന്റെ പിടിയിലാണ്. ഇത്തരത്തിലുള്ള സുപ്രധാന താരങ്ങൾ ഇല്ലാതെയാണ് ബ്രസീൽ വരുന്ന രണ്ട് മത്സരങ്ങൾക്ക് വേണ്ടി കളിക്കളത്തിലേക്ക് എത്തുക.