ബ്രസീലിന്റെ ആദ്യത്തെ മത്സരം മെക്സിക്കോക്കെതിരെ അവസാനിച്ചിരുന്നു. സന്നാഹ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ എൻഡ്രിക്ക് നേടിയ ഗോളായിരുന്നു ബ്രസീലിനെ വിജയം നേടിക്കൊടുത്തത്.ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയിരുന്നു. മത്സരത്തിൽ ഒരു റിസർവ് ടീമുമായാണ് ബ്രസീൽ ഇറങ്ങിയിരുന്നത്.
അതായത് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകാറുള്ള പല സുപ്രധാനതാരങ്ങളും ഇല്ലായിരുന്നു. ഇനി അമേരിക്കക്ക് എതിരെയാണ് ബ്രസീൽ തങ്ങളുടെ അടുത്ത സൗഹൃദ മത്സരം കളിക്കുന്നത്. വരുന്ന വ്യാഴാഴ്ച പുലർച്ചയാണ് ആ മത്സരം നടക്കുക. ഇന്ത്യൻ സമയം 4:30നാണ് മത്സരം അരങ്ങേറുക. ഈ മത്സരത്തിന് വേണ്ടി പല മാറ്റങ്ങളും വരുത്താൻ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ തയ്യാറായിട്ടുണ്ട്.വ്യത്യസ്തമായ ഒരു ഇലവനെയായിരിക്കും അദ്ദേഹം അണിനിരത്തുക.
കഴിഞ്ഞ മത്സരത്തിൽ ഗോൾകീപ്പർ ആയിക്കൊണ്ട് ആലിസൺ ബെക്കറായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ മത്സരത്തിൽ ബെന്റോക്ക് പരിശീലകൻ അവസരം നൽകിയേക്കും. സെന്റർ ബാക്ക് പൊസിഷനിൽ പിഎസ്ജി താരങ്ങളാണ് കളിക്കുക.മാർക്കിഞ്ഞോസ്,ബെറാൾഡോ എന്നിവരായിരിക്കും സ്റ്റാർട്ട് ചെയ്യുക. വിങ് ബാക്ക് പൊസിഷനുകളിൽ വെന്റൽ,ഡാനിലോ എന്നിവരായിരിക്കും ഉണ്ടാവുക.
ഇനി മിഡ്ഫീൽഡിൽ ജോവോ ഗോമസും ബ്രൂണോ ഗുയ്മിറസും ഉണ്ടാകും. അവർക്കൊപ്പം അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയിക്കൊണ്ട് ലുകാസ് പക്കേറ്റ ആയിരിക്കും ഉണ്ടാവുക. മുന്നേറ്റ നിരയിൽ വിനീഷ്യസ് ജൂനിയർ ഉണ്ടാകും. മറ്റൊരു വിങ്ങിൽ റാഫീഞ്ഞ എത്തിയേക്കും. അതേസമയം സ്ട്രൈക്കർ റോളിൽ റോഡ്രിഗോയെ കളിപ്പിക്കാനാണ് പരിശീലകന്റെ പദ്ധതി. ഇങ്ങനെ കഴിഞ്ഞ മത്സരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഇലവനുമായാണ് ബ്രസീൽ അടുത്ത മത്സരത്തിന് ഇറങ്ങുക.