ബ്രസീലിയൻ ആരാധകരുടെ മനസ്സറിഞ്ഞ് കോച്ച്,മാർട്ടിനെല്ലി സ്റ്റാർട്ട് ചെയ്യും,കിടിലൻ മാറ്റങ്ങളുമായി ബ്രസീൽ വരുന്നു.
കഴിഞ്ഞ മാസം കോൺമെബോൾ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിൽ കളിച്ച രണ്ടു മത്സരങ്ങളിലും ബ്രസീലിന് നിരാശയായിരുന്നു ഫലം.വെനിസ്വേലയോട് ബ്രസീൽ സമനില വഴങ്ങുകയായിരുന്നു. അതിനുശേഷം ഉറുഗ്വയോട് ബ്രസീൽ പരാജയപ്പെടുകയും ചെയ്തു.ഈയിടെ കുറച്ചധികം തോൽവികൾ വഴങ്ങുന്ന ഒരു ബ്രസീലിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.അത്രയധികം പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ബ്രസീൽ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഇനി നടക്കാനിരിക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെങ്കിലും അതിൽ നിന്ന് മുക്തി നേടേണ്ടതുണ്ട്. പക്ഷേ ബ്രസീലിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. കാരണം കൊളംബിയയാണ് ആദ്യത്തെ എതിരാളികൾ. രണ്ടാമത്തെ മത്സരത്തിലെ എതിരാളികൾ ലോക ചാമ്പ്യന്മാരായ അർജന്റീനയാണ്.ഈ രണ്ടു മത്സരങ്ങളും നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളിക്കുക.ചുരുക്കത്തിൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാക്കാൻ ബ്രസീൽ പാടുപെടും.
കൊളംബിയക്കെതിരെയുള്ള മത്സരം വെള്ളിയാഴ്ച്ച പുലർച്ചയാണ് നടക്കുക. ഒരു മികച്ച ടീമിനെ തന്നെ അണിനിരത്താനുള്ള ഒരുക്കത്തിലാണ് അവരുടെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ഉള്ളത്.ആഴ്സണൽ താരം ഗബ്രിയേൽ മാർട്ടിനെല്ലിയെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താനാവാത്തതിൽ ബ്രസീൽ ആരാധകർക്ക് കടുത്ത അമർഷം ഉണ്ടായിരുന്നു. ഇപ്പോൾ അവർ ആഗ്രഹിച്ച ഒരു മാറ്റം തന്നെ പരിശീലകൻ ഡിനിസ് നടത്തും എന്നാണ് പുറത്തേക്ക് വരുന്ന സൂചനകൾ.
അതായത് സ്ട്രൈക്കർ പൊസിഷനിൽ മാർട്ടിനെല്ലിയെ ഉപയോഗപ്പെടുത്താനാണ് പരിശീലകന്റെ തീരുമാനം.നെയ്മറുടെ റോളിൽ, അഥവാ നമ്പർ 10 റോളിൽ റോഡ്രിഗോ കളിക്കും. മാത്രമല്ല മിന്നുന്ന ഫോമിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന ആൻഡ്രേക്ക് സ്റ്റാർട്ടിങ് 11ൽ തന്നെ സ്ഥാനം ലഭിച്ചേക്കും. ഇങ്ങനെ ബ്രസീൽ ആരാധകർ ആഗ്രഹിക്കുന്ന ഒരു മാറ്റമാണ് ഡിനിസ് നടപ്പിലാക്കാൻ പോകുന്നത്.
ഡിനിസിന് കീഴിൽ ആദ്യമായി ആലിസൺ സ്റ്റാർട്ട് ചെയ്യുന്നു എന്ന പ്രത്യേകതയും അടുത്ത മത്സരത്തിനുണ്ട്. കാരണം കഴിഞ്ഞ മത്സരങ്ങളിൽ എഡേഴ്സണായിരുന്നു ഗോൾകീപ്പർ പൊസിഷനിൽ ഉണ്ടായിരുന്നത്. സെന്റർ ബാക്ക് പൊസിഷനിൽ ഗബ്രിയേൽ മഗല്ലസും മാർക്കിഞ്ഞോസും ഉണ്ടാകും.വിങ് ബാക്ക് പൊസിഷനുകളിൽ റെനാൻ ലോദി,എമഴ്സൺ എന്നിവരാണ് ഉണ്ടാവുക.
മധ്യനിരയിൽ ആൻഡ്രേ,ബ്രൂണോ ഗുയ്മിറസ് എന്നിവർ ഇറങ്ങും. മുന്നേറ്റ നിരയിൽ ഇരുവശങ്ങളിലുമായി റാഫീഞ്ഞ,വിനീഷ്യസ് എന്നിവർ ഉണ്ടാകും. മധ്യത്തിൽ റോഡ്രിഗോയായിരിക്കും. അദ്ദേഹത്തിന്റെ തൊട്ടുമുന്നിൽ നമ്പർ 9 സ്ട്രൈക്കർ പൊസിഷനിൽ മാർട്ടിനെല്ലി ഉണ്ടാകും. ഈ ടീമുമായാണ് കൊളംബിയക്കെതിരെ ബ്രസീൽ കളിക്കുക എന്നാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.