നെയ്മറുടെ പരിക്കും വമ്പൻ തോൽവിയും, പ്രതിസന്ധികളിൽ മുങ്ങിത്താഴ്ന്ന് ബ്രസീലിയൻ നാഷണൽ ടീം.

കഴിഞ്ഞ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്രസീൽ വെനിസ്വേലയോട് സമനില വഴങ്ങിയിരുന്നു. സ്വന്തം നാട്ടിൽ വെച്ച് നടന്ന മത്സരത്തിലായിരുന്നു സമനില വഴങ്ങേണ്ടി വന്നത്. അതോടുകൂടി തന്നെ നിരവധി വിമർശനങ്ങൾ ബ്രസീൽ നാഷണൽ ടീമിന് ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ അതിൽ നിന്നൊന്നും അടുത്തകാലത്ത് മുക്തി നേടില്ല എന്ന് തെളിയിക്കുന്ന രൂപത്തിലാണ് കാര്യങ്ങളുടെ പോക്ക്.

എന്തെന്നാൽ ഇന്ന് നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ബ്രസീൽ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഉറുഗ്വ ബ്രസീലിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ പ്രത്യേകിച്ച് ചലനങ്ങൾ ഒന്നും ഉണ്ടാക്കാനാവാതെ തികച്ചും നാണക്കേട് ഏറ്റുവാങ്ങി കൊണ്ടാണ് ബ്രസീൽ മടങ്ങുന്നത്.

മത്സരത്തിന്റെ 42ആം മിനിറ്റിലാണ് ഉറുഗ്വ ലീഡ് എടുക്കുന്നത്.മാക്സിമിലിയാനോ അരൗഹോയുടെ അസിസ്റ്റിൽ നിന്ന് സൂപ്പർ താരം ഡാർവിൻ നുനസാണ് ഗോൾ നേടിയത്. ഇതിനുശേഷമാണ് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർക്ക് പരിക്കേറ്റത്.ഗുരുതര പരിക്ക് തന്നെയാണ് അദ്ദേഹത്തെ അലട്ടിയിരിക്കുന്നത്.താരത്തിന്റെ കാൽമുട്ടിനാണ് പരിക്കുകൾ സംഭവിച്ചിരിക്കുന്നത്. സ്ട്രക്ചറിൽ കരഞ്ഞു കൊണ്ടാണ് അദ്ദേഹം കളിക്കളം വിട്ടത്.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ദീർഘകാലം നെയ്മർ ജൂനിയർ പുറത്തിരിക്കേണ്ടി വരും എന്നാണ് അറിയാൻ സാധിക്കുന്നത്.

പിന്നീട് രണ്ടാം പകുതിയിൽ ഉറുഗ്വ മറ്റൊരു ഗോൾ കൂടി നേടി.77 മിനിട്ടിലായിരുന്നു ഈ ഗോൾ പിറന്നത്.നുനസിന്റെ അസിസ്റ്റിൽ നിന്ന് ലാ ക്രൂസാണ് ബ്രസീലിനെതിരെ രണ്ടാം ഗോൾ കണ്ടെത്തിയത്. ഇതോടുകൂടി ബ്രസീൽ തോൽവി ഉറപ്പിക്കുകയായിരുന്നു. നിലവിൽ 4 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബ്രസീലിന്റെ പോയിന്റ് സമ്പാദ്യം കേവലം 7 മാത്രമാണ്. പോയിന്റ് പട്ടികയിൽ ബ്രസീലിനെ മറികടന്നുകൊണ്ട് ഉറുഗ്വ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

മോശം പ്രകടനം നടത്തുന്ന ബ്രസീലിന് അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ വലിയ പരീക്ഷണങ്ങളാണ് നേരിടേണ്ടി വരിക.ആദ്യ മത്സരത്തിൽ കൊളംബിയ, രണ്ടാം മത്സരത്തിൽ അർജന്റീന എന്നിങ്ങനെയാണ് ബ്രസീലിന്റെ എതിരാളികൾ.ബ്രസീലിന്റെ ഈ മോശം പ്രകടനം ആരാധകരെ വല്ലാതെ നിരാശയിലാഴ്ത്തുന്ന ഒരു കാര്യമാണ്.

BrazilUruguay
Comments (0)
Add Comment