സൂപ്പർ താരം ലയണൽ മെസ്സിയെ കരിയറിൽ ഒരുപാട് തവണ നേരിടേണ്ടി വന്ന താരമാണ് കാസമിറോ. അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മെസ്സിയെ പൂട്ടേണ്ട ഉത്തരവാദിത്വം കാസമിറോക്കായിരുന്നു. മാത്രമല്ല റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മെസ്സിയെ തടയേണ്ട ഉത്തരവാദിത്വവും ഈ ഡിഫൻസീവ് മിഡ്‌ഫീൽഡർക്ക് തന്നെയായിരുന്നു. പല മത്സരങ്ങളിലും മെസ്സിയെ ഗോളടിപ്പിക്കാതെ പിടിച്ചു നിർത്താൻ കാസമിറോക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു വാസ്തവമാണ്.
എന്നാൽ പല മത്സരങ്ങളിലും മെസ്സി ഈ താരത്തെ മറികടക്കുകയും ചെയ്തിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഒരുപാട് സൂപ്പർ താരങ്ങളെ കാസമിറോ നേരിട്ടുണ്ടെങ്കിലും അദ്ദേഹം ഏറ്റവും ബുദ്ധിമുട്ടിയത് മെസ്സിയെ തടയുന്ന കാര്യത്തിൽ തന്നെയാണ്. ഇത് കാസമിറോ തന്നെ വ്യക്തമാക്കിയ ഒന്നാണ്. താൻ നേരിട്ടതിൽ വെച്ച് ഏറ്റവും കടുപ്പമേറിയ എതിരാളി മെസ്സിയാണ് എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.
ഞാൻ നേരിട്ടതിൽ വച്ച് ഏറ്റവും കടുത്ത എതിരാളി ലയണൽ മെസ്സിയാണ്. മെസ്സിയെ അഭിമുഖീകരിക്കുക എന്നത് ശക്തമായ ഒരു പ്രകൃതിയെ നേരിടുന്നത് പോലെയാണ്. അല്ലെങ്കിൽ കാറ്റിനെ പിടിക്കുന്നത് പോലെയാണ്. തുടക്കം തൊട്ടേ നമ്മൾ പരാജയപ്പെട്ടു പോകുന്ന ഒരു യുദ്ധമാണത്.മെസ്സിയെ തടയാൻ മാത്രമാണ് എനിക്ക് ഒരു വഴി കണ്ടെത്താനാവാതെ പോയത്.
പരിശീലകർക്ക് പോലും മെസ്സിയെ തടയാനുള്ള വഴി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മോശം ദിവസങ്ങളിൽ പോലും അദ്ദേഹം എതിർ താരങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. മെസ്സിയെ തടയാൻ ഞങ്ങൾ എത്രത്തോളം ബുദ്ധിമുട്ടി എന്നത് ഇന്നത്തെ പല പ്രതിരോധനിര താരങ്ങൾക്കും അറിയില്ല, ഇതാണ് ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് കാസമിറോ. അതേസമയം ലയണൽ മെസ്സി യൂറോപ്പ് വിട്ടു കഴിഞ്ഞു. ബ്രസീലിയൻ ടീമിൽ ഇപ്പോൾ കാസമിറോക്ക് അവസരങ്ങൾ ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ഈ രണ്ടു താരങ്ങളും ഇനി ഏറ്റുമുട്ടാനുള്ള സാധ്യത കുറവാണ്.