കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ ക്രൊയേഷ്യൻ സൂപ്പർ താരമായ മാർക്കോ ലെസ്ക്കോവിച്ച് മൂന്ന് വർഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. പകരം സെന്റർ ബാക്ക് പൊസിഷനിലേക്ക് മറ്റൊരു സൂപ്പർ താരത്തെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്.അലക്സാൻഡ്രെ കോയെഫ് എന്ന ഫ്രഞ്ച് താരമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലേക്ക് എത്തിയിട്ടുള്ളത്.സെന്റർ ബാക്ക് പൊസിഷനിൽ മാത്രമല്ല,വിങ് ബാക്ക് പൊസിഷനിൽ കൂടി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന താരമാണ് കോയെഫ്.സ്പാനിഷ് ലീഗിലും ഫ്രഞ്ച് ലീഗിലും കളിച്ച പരിചയവുമായാണ് ഈ താരം വരുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സെന്റർ ബാക്ക് പൊസിഷനിൽ നേരത്തെ കളിച്ചിട്ടുള്ള ഫ്രഞ്ച് താരമാണ് സെഡ്രിക്ക് ഹെങ്ബർത്ത്. ആരാധകർക്ക് പ്രിയപ്പെട്ട താരമായിരുന്നു സെഡ്രിക്ക്.2014ൽ 13 മത്സരങ്ങൾ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് 2016 ക്ലബ്ബിലേക്ക് തിരിച്ചെത്തിയതാരം 17 മത്സരങ്ങൾ കളിക്കുകയും ചെയ്തു. അങ്ങനെ ആരാധകർ മറക്കാത്ത താരമാണ് ഹെങ്ബർത്ത്.
അദ്ദേഹത്തിന്റെ നാട്ടുകാരനാണ് കോയെഫും. അദ്ദേഹം കളിച്ച അതേ ക്ലബ്ബിലൂടെ തന്നെയാണ് കോയെഫും എത്തിയിട്ടുള്ളത്.ഹെങ്ബർത്തിനെ കുറിച്ച് ചില കാര്യങ്ങൾ കോയെഫ് പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു കോയെഫ്.
‘ നിങ്ങളുടെ സെഡ്രിക്ക് ഹെങ്ബർത്തിനെ ഞാനറിയും.ഞാൻ ഇതിനുമുൻപും അദ്ദേഹം കളിച്ച ക്ലബ്ബിന്റെ ഭാഗമായിട്ടുണ്ട്.വളരെ കരുത്തുറ്റ താരമാണ് അദ്ദേഹം. എന്റെ ഓർമ്മകളിൽ അദ്ദേഹം ഒരു പോരാളിയാണ്. അദ്ദേഹത്തെപ്പോലെ ഒരു തികഞ്ഞ സെന്റർ ബാക്ക് ആണ് ഞാനെന്ന് അവകാശപ്പെടുന്നില്ല.എന്റെ ശൈലി വേറെയാണ്. പക്ഷേ കളിക്കളത്തിൽ ഈ ടീമിന് വേണ്ടി സർവ്വതും സമർപ്പിച്ചു കളിക്കാൻ ഞാൻ തയ്യാറാണ് ‘ ഇതാണ് കോയെഫ് പറഞ്ഞത്.
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മുഹമ്മദൻ എസ്സിയെ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. മത്സരത്തിൽ സൂപ്പർ താരം നോവ സദോയി ഗോൾ കണ്ടെത്തിയിരുന്നു. ആ ഗോളിന് അസിസ്റ്റ് നൽകിയത് കോയെഫായിരുന്നു.പ്രതിരോധത്തിൽ എന്നപോലെ മുന്നേറ്റത്തിനും കോൺട്രിബ്യൂഷൻ നൽകാൻ കഴിയുന്ന താരമാണ് ഈ ഫ്രഞ്ച് ഡിഫൻഡർ.