എനിക്ക് ഇങ്ങനെയൊരു സ്വീകരണം ഇതുവരെ കിട്ടിയിട്ടില്ല, എന്ത് ചെയ്യണമെന്നറിയാതെ വികാരഭരിതനായി പോയി:മനസ്സ് തുറന്ന് ചെർനിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പുതുതായി തങ്ങളുടെ സ്‌ക്വാഡിലേക്ക് കൊണ്ടുവന്ന താരമാണ് ഫെഡോർ ചെർനിച്ച്.ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് ഇദ്ദേഹം.കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ പരിക്ക്മൂലം പുറത്തായതോടുകൂടിയാണ് ക്ലബ്ബിന് ഈ താരത്തെ കൊണ്ടുവരേണ്ടി വന്നത്. അദ്ദേഹം ഇപ്പോൾ ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്.
താരത്തിന്റെ സൈനിങ്ങ് പ്രഖ്യാപിച്ച നിമിഷം മുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ അത് ആഘോഷമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിന്റെ ഫോളോവേഴ്സ് ക്രമാതീതമായി ഉയർന്നിരുന്നു. വലിയ ഒരു ഹൈപ്പ് തന്നെയാണ് അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയിരുന്നത്. മാത്രമല്ല അദ്ദേഹം കേരളത്തിലേക്ക് എത്തിയ സമയത്ത് ഗംഭീര സ്വീകരണം ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകുകയും ചെയ്തു. ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം ലഭിച്ചിരുന്നത്.
നിരവധി ബ്ലാസ്റ്റേഴ്സ് ആരാധകർ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വേണ്ടി തടിച്ചു കൂടിയിരുന്നു.ആ സ്വീകരണത്തെക്കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ ഫെഡോർ ചെർനിച്ച്.ഇതുപോലെയൊരു സ്വീകരണം തന്റെ ജീവിതത്തിൽ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ചെർനിച്ച് പറഞ്ഞിട്ടുള്ളത്. എന്ത് ചെയ്യണമെന്ന് അറിയാതെ താൻ വികാരഭരിതനായി പോയെന്നും ചെർനിച്ച് പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
സത്യം പറഞ്ഞാൽ എനിക്ക് എന്റെ കരിയറിൽ ഇതുവരെ ആരും തന്നെ ഈ രൂപത്തിലുള്ള ഒരു സ്വീകരണം നൽകിയിട്ടില്ല. ഇത് വളരെ മനോഹരമായിരുന്നു. എയർപോർട്ടിൽ നിന്ന് തന്നെ ആരാധകർ എന്നെ വരവേറ്റു തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വികാരഭരിതനായിരിക്കുകയായിരുന്നു ആ സമയത്ത്. ആരാധകർക്കൊപ്പം ക്ലാപ് ചെയ്യണോ,ചാന്റ് ചെയ്യണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു,ഇതാണ് ചെർനിച്ച് പറഞ്ഞിട്ടുള്ളത്.
ഈ സീസൺ അവസാനിക്കുന്നത് വരെയുള്ള ഒരു ചെറിയ കോൺട്രാക്ടിൽ ആണ് അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ കത്തിരിക്കുന്നത്. മികച്ച പ്രകടനം അദ്ദേഹം നടത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ. മുന്നേറ്റ നിരയിലാണ് അദ്ദേഹം കളിക്കുക.പെപ്രയെ കൂടി ക്ലബ്ബിന് നഷ്ടമായതോടെ ചെർനിച്ചിനെ കാത്തിരിക്കുന്നത് വലിയ ജോലികളാണ്.