ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്.തോൽവി തുടർക്കഥയാക്കിയിരിക്കുകയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിൻ എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ സാങ്വാൻ നേടിയ ഗോളാണ് ചെന്നൈക്ക് വിജയം നേടിക്കൊടുത്തത്.
തുടർച്ചയായ അഞ്ചാം തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വഴങ്ങിയിട്ടുള്ളത്.ഐഎസ്എല്ലിൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു കഴിഞ്ഞു. ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർതാരം ദിമി ഉണ്ടായിരുന്നില്ല.പരിക്ക് മൂലമായിരുന്നു അദ്ദേഹത്തിന് കളിക്കാൻ സാധിക്കാതെ പോയത്. ഇഷാൻ പണ്ഡിത സ്റ്റാർട്ട് ചെയ്യുകയായിരുന്നു.എന്നാൽ മത്സരത്തിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സൃഷ്ടിച്ചില്ല.
ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അത് കാര്യമായ ഭീതി വിധിച്ചില്ല. മത്സരത്തിനിടെ സച്ചിൻ സുരേഷ് പരിക്കു മൂലം പുറത്താവുകയും പകരം കരൺജിത് സിംഗ് വരികയും ചെയ്തു. മാത്രമല്ല പ്രതിരോധനിര താരം ലെസ്ക്കോവിച്ചും പരിക്ക് മൂലം പുറത്തായിട്ടുണ്ട്. മത്സരത്തിന്റെ അറുപതാം മിനിറ്റിൽ ചെന്നൈ സാങ്വാനിലൂടെ ലീഡ് എടുക്കുകയായിരുന്നു.ആ ഗോളാണ് അവർക്ക് വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ 81 മിനിറ്റിൽ ചെന്നൈ താരം അങ്കിത് മുഖർജീ റെഡ് കാർഡ് കണ്ട് പുറത്തു പോയിരുന്നു.
പിന്നീട് 10 പേരുമായി കൊണ്ടാണ് ചെന്നൈ കളിച്ചത്.അത് മുതലെടുക്കാൻ പോലും ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും ഗോളടിക്കാൻ ക്ലബ്ബിന് സാധിക്കാതെ പോവുകയായിരുന്നു.ഇതോടെ മറ്റൊരു തോൽവി കൂടി ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ കയറി.ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിൽ ഒരു പോയിന്റ് പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ് ഇപ്പോൾ.
ഇനി അടുത്ത മത്സരം ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.അത് ഹോം മത്സരമാണ്. ഈയൊരു അവസ്ഥയിൽ ഗോവയെ തോൽപ്പിക്കുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരിക്കും. ഏതായാലും തോൽവിയോടുകൂടി ഷീൽഡ് കൈവിട്ടുപോയി എന്ന് ഉറപ്പിക്കാം. ഇനി പ്ലേ ഓഫിലേക്ക് കടക്കുക എന്നത് മാത്രമായിരിക്കും ലക്ഷ്യം.