കേരള ബ്ലാസ്റ്റേഴ്സിൽ അസാധാരണമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് വരെ ക്ലബ്ബ് വിടേണ്ടിവന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് നിയമിക്കുകയും ചെയ്തിട്ടുണ്ട്.മാത്രമല്ല നിരവധി താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയും ചെയ്തു.
ദിമി,കരൺജിത്,ലാറ ശർമ്മ,ഡൈസുകെ സക്കായ്,മാർക്കോ ലെസ്ക്കോവിച്ച്,ഫെഡോർ ചെർനിച്ച് എന്നിവരെയൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിട്ടുള്ളത്. ഇനിയും കൂടുതൽ താരങ്ങൾ പുറത്തേക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ. പുതിയ ഒരു ടീമിനെ നിർമ്മിച്ചെടുക്കുക എന്നതാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ലക്ഷ്യം.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഇന്ത്യൻ താരങ്ങളെയും ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിൽ പെട്ട ഒരു താരമാണ് മധ്യനിരതാരമായ ഡാനിഷ് ഫാറൂഖ് എന്നാണ് അറിയാൻ സാധിക്കുന്നത്. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയാണ്. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്സി താരത്തെ സ്വന്തമാക്കി എന്നുള്ള റിപ്പോർട്ടുകൾ ഇപ്പോൾ സജീവമാണ്.
പക്ഷേ ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ കൂടുതൽ വ്യക്തതകൾ കൈവരും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ഇന്ത്യൻ താരമായ പ്രഭീർ ദാസ് പുറത്തേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം തുടരുമെന്നുള്ള ഒരു സൂചന കേരള ബ്ലാസ്റ്റേഴ്സ് നൽകുകയും ചെയ്തിരുന്നു. പുതിയ പരിശീലകൻ സ്റ്റാറേക്ക് ഇക്കാര്യത്തിൽ വലിയ തീരുമാനങ്ങൾ എടുക്കാൻ ഉണ്ട്.