ഇന്റർ മയാമിയും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടുന്നതിന് മുന്നേ ഇറ്റാലിയൻ ലെജണ്ടായ കെല്ലിനി ലയണൽ മെസ്സിയെക്കുറിച്ച് സംസാരിച്ചിരുന്നു.മെസ്സിയെ ഒരുപാട് തവണ താൻ നേരിട്ടിട്ടുണ്ടെന്നും പലതവണയും പരാജയപ്പെടുകയാണ് ചെയ്തത് എന്നുമായിരുന്നു കെല്ലിനി പറഞ്ഞത്. പക്ഷേ ഇത്തവണ അങ്ങനെയാവില്ലെന്നും ഇന്റർ മയാമിയെ പരാജയപ്പെടുത്താൻ ലോസ് ആഞ്ചലസിന് കഴിയുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നായിരുന്നു കെല്ലിനി പറഞ്ഞിരുന്നത്.
ഇന്റർ മയാമിയെ പരാജയപ്പെടുത്തുമെന്ന് വാക്ക് പാലിക്കാൻ അദ്ദേഹത്തിനോ ടീമിനോ കഴിഞ്ഞില്ല. മത്സരത്തിൽ 3-1 എന്ന സ്കോറിന് ഇന്റർ മയാമി വിജയിക്കുന്നത് നാം ഏവരും കണ്ടതാണ്.ലയണൽ മെസ്സിയെ തടയാനും അവർക്ക് കഴിഞ്ഞില്ല.കാരണം രണ്ട് അസിസ്റ്റുകൾ നേടിയത് മെസ്സിയായിരുന്നു.അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ലോസ് ആഞ്ചലസിനെ പരാജയപ്പെടുത്തിയത് മയാമിയുടെ ശക്തി തെളിയിക്കുന്നതാണ്.
മത്സരശേഷം ഈ ഡിഫൻഡർ തന്നെ ഇത് തുറന്നു സമ്മതിച്ചിട്ടുണ്ട്.താൻ അമേരിക്കയിൽ വെച്ച് നേരിട്ട് ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി എന്നാണ് കെല്ലിനി സമ്മതിച്ചത്.’ ഞാൻ ഇതുവരെ അമേരിക്കയിൽ നേരിട്ട് ഏറ്റവും മികച്ച ടീമുകളിൽ ഒന്ന് ഇപ്പോൾ ഇന്റർ മയാമിയാണ്. അവർക്ക് എംഎൽഎസിന്റെ പ്ലേ ഓഫിൽ ഇടം നേടാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത് ‘കെല്ലിനി പറഞ്ഞു.
ഈ മത്സരത്തിനു മുന്നേ അവസാനമായി മെസ്സിയും ഈ ഡിഫൻഡറും തമ്മിൽ ഏറ്റുമുട്ടിയത് ഫൈനലിസിമയിലായിരുന്നു.അർജന്റീനയും ഇറ്റലിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീന തകർപ്പൻ വിജയം നേടി കിരീടം നേടുകയായിരുന്നു. മുമ്പ് യുവന്റസിലായിരുന്ന സമയത്തും ഇദ്ദേഹം മെസ്സിയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിനു ശേഷം അദ്ദേഹവും ലയണൽ മെസ്സിയും വളരെ സൗഹൃദാന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്.