ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരുമോ? ഇവാൻ വുക്മനോവിച്ച് പറയുന്നു!
കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച പരിശീലകനാണ് ഇവാൻ വുക്മനോവിച്ച്.ആ മൂന്ന് വർഷക്കാലവും ക്ലബ്ബിനെ പ്ലേ ഓഫിൽ പ്രവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഇവാന്റെ കീഴിൽ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ആശാൻ എന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടുകൂടി വിളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സീസണിന് ശേഷം ക്ലബ്ബ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ക്ലബ്ബിനോടൊപ്പം കിരീടങ്ങൾ നേടാൻ സാധിക്കാത്തതുകൊണ്ടായിരുന്നു ഇവാന് സ്ഥാനം നഷ്ടമായിരുന്നത്. കഴിഞ്ഞ ദിവസം റിയാദിൽ വെച്ച് നടന്ന മീഡിയ വൺ സൂപ്പർ കപ്പിൽ മുഖ്യാതിഥിയായികൊണ്ട് പങ്കെടുത്തത് ഇവാൻ വുക്മനോവിച്ച് ആയിരുന്നു.മീഡിയ വണ്ണിനോട് പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ അവസരം ലഭിച്ചാൽ തിരികെ എത്തുമോ എന്നായിരുന്നു ചോദ്യം.അതേ എന്നാണ് അദ്ദേഹം മറുപടി നൽകിയിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും തന്റെ ഹൃദയത്തിൽ സ്ഥാനം ഉണ്ടെന്നും ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരാൻ തയ്യാറാണ് എന്നുമാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
നിലവിൽ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നത് മികയേൽ സ്റ്റാറേ എന്ന പരിശീലകനാണ്.അദ്ദേഹത്തിന് അത്ര മികച്ച തുടക്കമൊന്നും ക്ലബ്ബിന് ലഭിച്ചിട്ടില്ല. നാല് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഒരു തോൽവിയും രണ്ട് സമനിലകളും വഴങ്ങേണ്ടി വന്നു.ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ മുഹമ്മദൻ എസ്സിയെയാണ് നേരിടുക.