ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ പ്രസ് കോൺഫറൻസ്,ആരൊക്കെ പങ്കെടുക്കും? വിശദവിവരങ്ങൾ പുറത്ത്!

ഐഎസ്എൽ പതിനൊന്നാം സീസൺ മറ്റന്നാളാണ് ആരംഭിക്കുന്നത്.സെപ്റ്റംബർ പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിലാണ് ഏറ്റുമുട്ടുക. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഞായറാഴ്ചയാണ് നടക്കുക.എതിരാളികൾ പഞ്ചാബാണ്. ഞായറാഴ്ച വൈകിട്ട് 7:30ന് കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക.

ഓരോ മത്സരത്തിനു മുന്നോടിയായി പത്രസമ്മേളനങ്ങൾ നടത്താറുണ്ട്. കഴിഞ്ഞ മൂന്ന് വർഷക്കാലമായി കേരള ബ്ലാസ്റ്റേഴ്സിന്റെ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് മുൻപിൽ ഉണ്ടായിരുന്നത് പരിശീലകൻ ഇവാൻ വുക്മനോവിച്ച് ആയിരുന്നു.ആരാധകരുടെ പ്രിയപ്പെട്ട ആശാൻ ഇത്തവണയില്ല. മറിച്ച് മികയേൽ സ്റ്റാറെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ പ്രസ് കോൺഫറൻസാണ് നടക്കാനിരിക്കുന്നത്.

ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.വെള്ളിയാഴ്ചയാണ് ഈ പ്രസ് കോൺഫറൻസ് നടക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30നാണ് ഈ പ്രസ്സ് കോൺഫറൻസ് നടത്തുക.മികയേൽ സ്റ്റാറെ ഇതിൽ പങ്കെടുക്കും. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സൂപ്പർ താരമായ പ്രീതം കോട്ടാലാണ് ഉണ്ടാവുക.ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.

പ്രീതം കോട്ടാലുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് റൂമറുകൾ പ്രചരിച്ചിരുന്നു. അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാനിലേക്ക് പോകാൻ ശ്രമിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.എന്നാൽ ഇനി അതിനൊന്നും പ്രസക്തിയില്ല.അദ്ദേഹം ക്ലബ്ബിനകത്തു തന്നെ തുടരുകയാണ് എന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പ്രതീക്ഷക്കൊത്തു ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ഇത്തവണ അതിന് മാറ്റം ഉണ്ടാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് സമനിലയായിരുന്നു ഫലം. പക്ഷേ സ്വന്തം മൈതാനത്ത് ഇത്തവണ ബ്ലാസ്റ്റേഴ്സിന് വിജയിച്ചേ മതിയാകൂ. മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Kerala BlastersMikael Stahre
Comments (0)
Add Comment