ക്ലീൻ ഷീറ്റുകൾ ഇല്ല,കോർണറുകൾ പാഴാക്കുന്നു,ബ്ലാസ്റ്റേഴ്സിന്റെ ഈ കണക്കുകൾ ആശങ്കാജനം!

കേരള ബ്ലാസ്റ്റേഴ്സ് നാല് മത്സരങ്ങളാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുള്ളത്.ഒരു വിജയം മാത്രമാണ് നേടിയിട്ടുള്ളത്. രണ്ട് സമനിലയും ഒരു തോൽവിയും വഴങ്ങേണ്ടിവന്നു.മികച്ച പ്രകടനം പുറത്തെടുക്കാൻ ക്ലബ്ബിന് കഴിയുന്നുണ്ട്. പക്ഷേ ഫിനിഷിംഗിലെ ആ അപാകതകളും ഡിഫൻസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന മിസ്റ്റേക്കുകളും ദൗർഭാഗ്യങ്ങളുമൊക്കെ കേരള ബ്ലാസ്റ്റേഴ്സിനെ തിരിച്ചടിയാകുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ അതെല്ലാം കളഞ്ഞ് കുളിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പരിശീലക സംഘത്തിൽ പുതിയ ഒരു ഡിപ്പാർട്ട്മെന്റ് ഉണ്ടാക്കിയിരുന്നു.സെറ്റ് പീസ് പരിശീലകനായി കൊണ്ട് പോർച്ചുഗീസുകാരനായ ഫ്രഡറിക്കോ മൊറൈസിനെ ബ്ലാസ്റ്റേഴ്സ് നിയമിച്ചിരുന്നു. അതായത് ക്ലബ്ബിന് ലഭിക്കുന്ന കോർണർ കിക്കുകളും ഫ്രീ കിക്ക്കളും ഫലപ്രദമായി ഉപയോഗിക്കുക, അതുവഴി ഗോളുകൾ നേടുക അതല്ലെങ്കിൽ കൂടുതൽ ഭീഷണി ഉയർത്തുക എന്നൊക്കെ ലക്ഷ്യം വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് സെറ്റ് പീസ് പരിശീലകനെ നിയമിച്ചിട്ടുള്ളത്. എന്നാൽ അതൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല എന്ന് വേണം വിലയിരുത്താൻ.

കഴിഞ്ഞ ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ നിരവധി കോർണർ കിക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. എന്നാൽ ഒന്നുപോലും ലക്ഷ്യത്തിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.ഇവിടെ ആശങ്കാജനകമായ രണ്ട് കണക്കുകൾ ചർച്ച ചെയ്യേണ്ടതുണ്ട്.ക്ലീൻ ഷീറ്റുകൾ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുന്നില്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. അതോടൊപ്പം തന്നെ കോർണർ കിക്കുകൾ ഗോളാക്കാൻ കഴിയുന്നില്ല എന്നതും.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി കളിച്ച 15 മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലീൻ ഷീറ്റ് നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.എപ്പോഴും ഗോളുകൾ വഴങ്ങുന്ന ഒരു ബ്ലാസ്റ്റേഴ്സിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പ്രതിരോധനിരയും ഗോൾകീപ്പറും പലപ്പോഴും അബദ്ധങ്ങൾ വരുത്തിവെക്കുന്നുണ്ട്. ഒരു ഗോൾപോലും വഴങ്ങാനാവാതെ ഒരു മത്സരം അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായി മാറിയിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനത്തെ 12 മത്സരങ്ങളിൽ നിന്നായി ഒരുപാട് കോർണർ കിക്കുകൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. 9 കോർണർ കിക്കുകളാണ് കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.അതിൽ ഒന്നും തന്നെ ഫലവത്തായിട്ടില്ല.ചുരുക്കത്തിൽ സെറ്റ് പീസുകൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ട് ഒരു കാര്യവുമില്ല എന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.ഇത് തീർത്തും ആരാധകരെ സംബന്ധിച്ചിടത്തോളം ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

Kerala BlastersMikael Stahre
Comments (0)
Add Comment