നോഹിനെ ആശ്രയിച്ച് ഓടുന്ന വണ്ടിയാണോ ബ്ലാസ്റ്റേഴ്സ്? സ്റ്റാറേ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഒരിക്കൽ കൂടി ഇറങ്ങുകയാണ്. എതിരാളികൾ ഒഡീഷ എഫ്സിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30ന് ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അതിൽ കുറഞ്ഞത് ഒന്നും തന്നെ ആരാധകർക്കു വേണ്ട.
3 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം,ഒരു സമനില,ഒരു തോൽവി എന്നിങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നില വരുന്നത്.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് സൂപ്പർ താരം നോഹ സദോയിയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.രണ്ട് ഗോളുകൾ അദ്ദേഹം ക്ലബ്ബിനുവേണ്ടി നേടിയിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം നേടിയ ഗോളൊക്കെ ലോകോത്തര ഗോളാണ്.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്.
നോഹിനെ അമിതമായി ആശ്രയിച്ചു കൊണ്ടാണോ കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നത്?ഈ ചോദ്യം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേയോട് ചോദിക്കപ്പെട്ടിരുന്നു. ഗോളുകൾ നേടാൻ കഴിയുന്ന ഒരുപാട് താരങ്ങൾ ക്ലബ്ബിന് അകത്ത് ഉണ്ടെന്നും നിർഭാഗ്യം കൊണ്ടാണ് അവർക്കൊന്നും ഗോളുകൾ നേടാൻ സാധിക്കാതെ പോയത് എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.നോഹിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘കളിക്കാർ ഗോളുകൾ നേടുന്നത് ഇപ്പോഴും നല്ലതാണ്. പക്ഷേ, കളിക്കളത്തിൽ സംഭാവന (ഗോളും അസിസ്റ്റും) നൽകാൻ സാധിക്കുന്ന നിരവധി നല്ല താരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. നോഹ ഒരു പ്രധാന ഗോൾ നേടി, പക്ഷേ നിങ്ങൾ മത്സരം കണ്ടെങ്കിൽ, മറ്റ് കളിക്കാരിൽ നിന്നും മൂന്നോ നാലോ ഗോളുകൾ നേടാനുള്ള നല്ല അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചതായി മനസിലാക്കും ‘ സ്റ്റാറെ പറഞ്ഞു.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും. അത് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ മികവ് നൽകിയേക്കും.നോഹിലേക്കും ജീസസിനും കൂടുതൽ അവസരങ്ങൾ ഒരുക്കാൻ ലൂണക്ക് സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.മൂന്നു മത്സരങ്ങൾ കളിച്ച ഒഡീഷ രണ്ടു മത്സരങ്ങളിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.