മറ്റൊരു തോൽവി കൂടി കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു.ചിരവൈരികളായ ബംഗളൂരു എഫ്സി ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. ബംഗളൂരു എഫ്സിയുടെ മൈതാനമായ ശ്രീകണ്ഠീരവയിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നെങ്കിലും അവസാനത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.ഹാട്രിക്ക് നേടിയ സുനിൽ ഛേത്രിയാണ് ബ്ലാസ്റ്റേഴ്സിനെ തോൽവിയിലേക്ക് തള്ളിയിട്ടത്.
കേരള ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ വരുത്തി കൊണ്ടാണ് മത്സരത്തിലേക്ക് എത്തിയത്.കോറൂ സിങ്ങും കോയെഫും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബംഗളൂരു എഫ്സിയാണ് ലീഡ് കരസ്ഥമാക്കിയത്. സുനിൽ ഛേത്രിയിലൂടെയാണ് അവർ മുന്നിലെത്തിയത്.റയാൻ വില്യംസിന്റെ കിടിലൻ ക്രോസിൽ നിന്നും ഒരു മികച്ച ഹെഡറിലൂടെയാണ് സുനിൽ ഛേത്രി ഗോൾ നേടിയത്.അതിനുശേഷം വീണ്ടും ബംഗളൂരു ലീഡ് ഉയർത്തി. 38ആം മിനിട്ടിൽ റയാൻ വില്യംസാണ് ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര അശ്രദ്ധമായ സമയത്ത് അത് കൃത്യമായി മുതലെടുക്കാൻ ബംഗളൂരു എഫ്സിക്ക് സാധിക്കുകയായിരുന്നു.
അങ്ങനെ ആദ്യ പകുതി പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് പുറകിലായിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഗംഭീര തിരിച്ചുവരവ് നടത്തി.രണ്ട് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. അതിൽ ആദ്യം നേടിയ ഗോൾ ഒരു സൂപ്പർ ഗോൾ തന്നെയായിരുന്നു.നോവയുടെ അസിസ്റ്റിൽ നിന്നും ബാക്ക് ഹീൽ ഗോളാണ് ജീസസ് നേടിയത്. അതിനുശേഷം 67ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു ഗോൾ കൂടി നേടി.അഡ്രിയാൻ ലൂണയുടെ ക്രോസിൽ നിന്നും ഫ്രഡിയാണ് ഗോൾ കണ്ടെത്തിയത്. നല്ല ഒരു എഫേർട്ടിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ഗോൾ പിറന്നത്.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ ആഘോഷങ്ങൾക്ക് അധികം ആയുസാണ്ടായിരുന്നില്ല.73ആം മിനുട്ടിൽ സുനിൽ ഛേത്രി ബംഗളൂരുവിനെ മുന്നിൽ എത്തിക്കുകയായിരുന്നു.ഡയസിന്റെ പരിശ്രമ ഫലമായി കൊണ്ടാണ് ഗോൾ പിറന്നത്.അദ്ദേഹത്തിന്റെ അസിസ്റ്റിൽ നിന്നാണ് സുനിൽ ഛേത്രി ഗോൾ നേടിയത്. മത്സരത്തിന്റെ അവസാനത്തിൽ ബ്ലാസ്റ്റേഴ്സ് സമനില ഗോളിന് വേണ്ടി ശ്രമിച്ചു.എന്നാൽ അതൊന്നും ഫലം കണ്ടില്ല. അവസാന നിമിഷം സുനിൽ ഛേത്രി ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു.ഇതോടെ ബ്ലാസ്റ്റേഴ്സ് പരാജയം രുചിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോം ഇപ്പോഴും തുടരുകയാണ്.ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന ആറാമത്തെ തോൽവിയാണ് ഇത്. 11 മത്സരങ്ങളിൽ നിന്ന് കേവലം 11 പോയിന്റുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം വിജയത്തോടുകൂടി ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.