2022ലായിരുന്നു നോവ സദോയി ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തിയത്.എഫ്സി ഗോവക്ക് വേണ്ടി രണ്ട് സീസണുകളാണ് അദ്ദേഹം കളിച്ചത്. ഗംഭീര പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. തുടർന്ന് കഴിഞ്ഞ സമ്മറിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുകയും ചെയ്തു. മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലും അദ്ദേഹം പുറത്തെടുക്കുന്നത്.
കളിച്ച മിക്ക മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോവ തന്നെയാണ്. 5 മത്സരങ്ങൾ കളിച്ച നോവ 3 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരം നോവ തന്നെയാണ് എന്നത് ഒരു സംശയവുമില്ലാതെ പറയാൻ കഴിയും.അദ്ദേഹത്തിന്റെ മികവിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
എന്തുകൊണ്ട് ഗോവ വിട്ടുകൊണ്ട് ബ്ലാസ്റ്റേഴ്സിൽ എത്തി? പുതിയ അഭിമുഖത്തിൽ അദ്ദേഹത്തോട് ഈ ചോദ്യം ചോദിക്കപ്പെട്ടിരുന്നു. അതിനുള്ള കൃത്യമായ കാരണം അദ്ദേഹം വിശദീകരിച്ച് നൽകിയിട്ടുണ്ട്.തനിക്ക് അഭിനന്ദനങ്ങളും അംഗീകാരങ്ങളും കിട്ടുന്ന ഒരു സ്ഥലത്തെത്താൻ താൻ ആഗ്രഹിച്ചു എന്നാണ് നോവ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.
‘ എനിക്ക് അഭിനന്ദനങ്ങളും അംഗീകാരങ്ങളും കിട്ടുന്ന ഒരു സ്ഥലത്തെത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതൊക്കെയാണ് എനിക്ക് വേണ്ടതെന്ന് എനിക്ക് തോന്നിയിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആളുകൾ എന്നെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സ്ഥലത്ത് തുടരുക എന്നത് എനിക്ക് പ്രധാനപ്പെട്ട ഒന്നാണ് ‘ ഇതാണ് നോവ പറഞ്ഞിട്ടുള്ളത്.
ഏതായാലും ക്ലബ്ബിലേക്ക് എത്തിയ ഉടനെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നോവക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം പരിക്കു കാരണം കളിച്ചിരുന്നില്ല. ഇനി കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് കളിക്കുക.ആ മത്സരത്തിൽ നോവ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.