കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സിനെ വിജയം നിർബന്ധമാണ്.
പറയാൻ കാരണം ആദ്യ ഹോം മൽസരത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഇനി മറ്റൊരു ഹോം മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളും തോൽവി അറിഞ്ഞുകൊണ്ട് തന്നെയാണ് രംഗത്ത് വരുന്നത്.അതുകൊണ്ടുതന്നെ ഒരു കിടിലൻ പോരാട്ടം പ്രതീക്ഷിക്കാം.നിരവധി സൂപ്പർ താരങ്ങൾ ഉള്ള ഒരു ക്ലബ് ആയി മാറാൻ ഈസ്റ്റ് ബംഗാളിനെ കഴിഞ്ഞിട്ടുണ്ട്.
ഇന്നത്തെ പത്ര സമ്മേളനത്തിൽ എതിരാളികളെ കുറിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ സംസാരിച്ചിട്ടുണ്ട്.എതിരാളികളുടെ കരുത്തുകളും ബലഹീനതകളും കൃത്യമായി പഠിച്ചിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അവരുടെ ബലഹീനതകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേ പറഞ്ഞ വാക്കുകളെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്.
‘ എതിരാളികളുടെ കരുത്തും ബലഹീനതകളും ഞങ്ങൾ വിശകലനം ചെയ്തിട്ടുണ്ട്. എതിരാളികളെ കുറിച്ച് കൃത്യമായ ധാരണ ഞങ്ങൾക്കുണ്ട്.അവർക്ക് മികച്ച വ്യക്തിഗത താരങ്ങൾ ഉണ്ട്. എന്നാൽ അവർക്ക് ബലഹീനതകൾ ഉണ്ട്.അത് ഞങ്ങൾക്ക് വ്യക്തമായിട്ടുമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണമായ ഒരു തയ്യാറെടുപ്പ് തന്നെയാണ് ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ദിമി,ജീക്സൺ തുടങ്ങിയ താരങ്ങൾ ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ബംഗളൂരുവിനോട് ആയിരുന്നു അവർ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്.അഡ്രിയാൻ ലൂണ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിന് ഇറങ്ങുക.അദ്ദേഹം അസുഖത്തിൽ നിന്നും പൂർണ്ണമായും മുക്തനായിട്ടില്ല എന്ന് പരിശീലകൻ പറഞ്ഞിരുന്നു.