നാളെത്തെ ലൈനപ്പിൽ ലൂണയെ കാണാൻ സാധിക്കുമോ?സ്റ്റാറേ വ്യക്തമാക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെയാണ് നേരിടുന്നത്. നാളെ നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാകും. കാരണം മിന്നുന്ന ഫോമിലാണ് അവർ കളിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ പരിശീലകനായ പെഡ്രോ ബെനാലി ടീമിനെ മികച്ച രൂപത്തിലേക്ക് മാറ്റിയെടുത്തിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ടാമത്തെ മത്സരത്തിൽ വിജയിക്കുകയായിരുന്നു. ആ വിജയം തുടരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നോർത്ത് ഈസ്റ്റിനെ അവരുടെ മൈതാനത്ത് നേരിടുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും ക്ലബ്ബിനുവേണ്ടി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ വിടവ് നന്നായി അറിയുകയും ചെയ്തിരുന്നു.അസുഖം മൂലമാണ് അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായത്.
എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ട്രെയിനിങ്ങിലേക്ക് തിരിച്ചെത്തി. അതുകൊണ്ടുതന്നെ നാളത്തെ മത്സരത്തിൽ പകരക്കാരനായി എങ്കിലും ലൂണ കളിക്കും എന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അക്കാര്യത്തിൽ സ്റ്റാറേ ചില അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്. കളിക്കാൻ സാധ്യത കുറവാണ് എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
‘ നാളത്തെ മത്സരത്തിന്റെ ലൈനപ്പിൽ ലൂണ ഉണ്ടായിക്കഴിഞ്ഞാൽ അത് ശരിക്കും എന്നെ സംബന്ധിച്ചിടത്തോളം ഒരു സർപ്രൈസ് തന്നെയായിരിക്കും.അദ്ദേഹം തന്റെ ട്രെയിനിങ് പുനരാരംഭിച്ചത് ഞാൻ സന്തോഷവാനാണ്.പക്ഷേ നാളത്തെ കാര്യം ചോദിച്ചാൽ എനിക്ക് ഉറപ്പില്ല. ഒരുപക്ഷേ അദ്ദേഹം കളിച്ചേക്കില്ല ‘ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
ട്രെയിനിങ് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ലൂണ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ക്ലബ്ബിനുവേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് ലൂണ. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സിന് ഏറെ ഊർജ്ജം നൽകും. നാളത്തെ മത്സരത്തിനുശേഷം ചിരവൈരികളായ ബംഗളൂരുവിനെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വെച്ച് കൊണ്ട് നേരിടുക.