കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ ഒഡീഷ എഫ്സിയെയാണ് നേരിടുന്നത്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് മത്സരം നടക്കുക.കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാമത്തെ എവേ മത്സരമാണ് കളിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു.
വിജയിക്കാമായിരുന്ന ഒരു മത്സരമാണ് സമനിലയിൽ കൊണ്ട് കളഞ്ഞത്. പോരായ്മകൾ ഏറെയുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. ബ്ലാസ്റ്റേഴ്സ് ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നത് നേരത്തെ തന്നെ പരിശീലകനായ സ്റ്റാറേ പറഞ്ഞിരുന്നു.ഇന്നത്തെ പത്രസമ്മേളനത്തിൽ ഒരിക്കൽ കൂടി അദ്ദേഹം അത് ആവർത്തിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അക്കാര്യത്തിൽ താൻ സന്തോഷവാനാണ് എന്നും പരിശീലകൻ പറഞ്ഞിട്ടുണ്ട്.ഡ്യൂറന്റ് കപ്പ് എടുത്ത് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരികയാണെന്ന് മനസ്സിലാകുമെന്നും ആശാൻ പറഞ്ഞിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകളിലേക്ക് പോവാം.
‘ടീമിന്റെ ഇതുവരെയുള്ള പുരോഗതിയിൽ ഞാൻ സന്തോഷവാനാണ്.ഞങ്ങൾ ശരിയായ പാതയിലാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ഡ്യൂറന്റ് കപ്പ് കണ്ടവർക്കും പിന്തുടർന്നവർക്കും മനസ്സിലാകും, ഞങ്ങൾ കൂടുതൽ കൂടുതൽ മെച്ചപ്പെട്ട് വരികയാണ് ‘ ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്.പക്ഷേ ബ്ലാസ്റ്റേഴ്സ് ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഉണ്ട് എന്നത് വസ്തുതയാണ്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തുമ്പോൾ കൂടുതൽ മികവ് ബ്ലാസ്റ്റേഴ്സിന് കൈവരും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് തോൽവിയും ഒരു വിജയവുമാണ് ഇതുവരെ ഒഡീഷ നേടിയിട്ടുള്ളത്.