“അദ്ദേഹം ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു” ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ പ്രശംസിച്ച് കോച്ച് പുരുഷോത്തമൻ

Coach TG Purushothaman praises goalkeeper Nora Fernandes: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിന്റെ ലീഗ് ഘട്ടത്തിന് തിരശീല വീണു. ഹൈദരാബാദ് എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഏറ്റുമുട്ടിയ അവസാന മത്സരം കലാശിച്ചത് സമനിലയിൽ. മത്സര ശേഷം മത്സരത്തിന്റെ വിശകലം നടത്തിയ ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമൻ ക്ലബ്ബിന്റെ ഭാവി പദ്ധതികളെ കുറിച്ചും സൂചിപ്പിച്ചു.

ഹൈദരാബാദിനെതിരായ മത്സരത്തിൽ നിർണായകമായത് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ നോറ ഫെർണാണ്ടസിന്റെ പെനാൽറ്റി സേവ് ആയിരുന്നു. ഹൈദരാബാദിന്റെ മലയാളി താരം അഭിജിത്തിനെ ലഗാതോർ ബോക്സിൽ വീഴ്ത്തിയതിന് തുടർന്ന് ലഭിച്ച പെനാൽറ്റി എടുത്തത് ആന്ദ്രെ ആൽബ. അദ്ദേഹമെടുത്ത ഷോട്ട് വലത്തേക്ക് ചാടി ഗോവൻ താരം രക്ഷപ്പെടുത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ആശ്വാസം.

പ്രധാന ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ അഭാവത്തിലാണ് നോറ ഫെർണാണ്ടസ് ഇന്നത്തെ അടക്കം അവസാനത്തെ മൂന്ന് മത്സരത്തിൽ ഗ്ലാവ്സ് അണിഞ്ഞത്. “അതെ, തീർച്ചയായും, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി അദ്ദേഹം ബാറിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.” ടിജി പുരുഷോത്തമൻ പ്രശംസിച്ചു. “അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഒരു യുവ ഗോൾകീപ്പറാണ്, ക്ലബ്ബിനും ഐ‌എസ്‌എല്ലിനും രാജ്യത്തിനും നല്ലൊരു മുതൽക്കൂട്ടാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഹൈദരാബാദിൽ നടന്നത്. ഏഴാം മിനിട്ടിൽ ദുഷാൻ ലഗാതോറിന്റെ ഗോളിലൂടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ്, ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നോടിയായി സമനില ഗോൾ വഴങ്ങി. അഞ്ച് ഷോട്ട് വീതം ഇരുവരും ലക്ഷ്യത്തിൽ എത്തിച്ചെങ്കിലും, വിജയ ഗോൾ അകന്നു നിന്നു. എല്ലാ തവണത്തേയും പോലെ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചെന്നും എന്നാൽ ഗോളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

indian Super leagueKerala BlastersT.G Purushothaman
Comments (0)
Add Comment