കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഒടുവിലൊരു സൈനിങ്ങ് പ്രഖ്യാപിച്ചിരുന്നു. ഡിഫൻസിലേക്ക് അലക്സാൻഡ്രേ കോയെഫ് എന്ന താരത്തെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. 32 കാരനായ ഈ താരം യൂറോപ്പിലെ പരിചയസമ്പത്തുമായാണ് വരുന്നത്.ഒട്ടേറെ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ഫ്രാൻസിലെ സെക്കൻഡ് ഡിവിഷനിലാണ് അദ്ദേഹം കളിച്ചത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ ബ്ലാസ്റ്റേഴ്സിലേക്ക് കടന്ന് വരുന്നത്. മാത്രമല്ല ഡിഫൻസിലെ പല പൊസിഷനുകളിലും കളിക്കാനുള്ള ഒരു മികവ് കൂടി ഈ താരത്തിന് അവകാശപ്പെടാൻ സാധിക്കും. അതുകൊണ്ടുതന്നെ വേണ്ട രൂപത്തിൽ പരിശീലകനെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒരു താരമാണ് കോയെഫ്.
നിലവിൽ അദ്ദേഹം ഇന്ത്യയിൽ എത്തിയിട്ടില്ല.കുറച്ച് കഴിഞ്ഞതിനുശേഷം മാത്രമായിരിക്കും അദ്ദേഹം ഇന്ത്യയിലേക്ക് എത്തുക.സൈനിങ്ങിന് പിന്നാലെ ആരാധകർക്കായി അദ്ദേഹം ആദ്യത്തെ മെസ്സേജ് നൽകിയിട്ടുണ്ട്. നിങ്ങൾക്കൊപ്പം സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കാൻ ഞാനും കാത്തിരിക്കുകയാണ് എന്നാണ് ആരാധകരോടായി കോയെഫ് പറഞ്ഞിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അത് ഇങ്ങനെയാണ്.
മുഴുവൻ യെല്ലോ ആർമിക്കും ഞാൻ ഹലോ പറയുന്നു. നിങ്ങളുടെ ഈ മനോഹരമായ വെൽക്കത്തിന് നന്ദി. എന്റെ കരിയറിൽ അപൂർവമായി മാത്രം അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ള ഒന്നാണ് ഇത്തരത്തിലുള്ള സ്വീകരണം. നിങ്ങൾക്കൊപ്പം സ്റ്റേഡിയത്തെ വൈബ്രേറ്റ് ചെയ്യാൻ ഞാൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ്.നമുക്ക് ഉടനെ തന്നെ കാണാം, ഇതാണ് കോയെഫിന്റെ വാക്കുകൾ.
ഡ്യൂറന്റ് കപ്പിൽ താരം ഉണ്ടാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര ഇപ്പോൾ പൂർണമായി കഴിഞ്ഞിട്ടുണ്ട്. മധ്യനിരയിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല.മുന്നേറ്റ നിര ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ തീരുമാനം.ഒരു വിദേശ സ്ട്രൈക്കറെ ഉടൻതന്നെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തേക്കും.