കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം, പ്രതീക്ഷ വെക്കാം ഈ ഫ്രഞ്ച് താരത്തിൽ!
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസമാണ് പുതിയ ഒരു സൈനിങ്ങ് പ്രഖ്യാപിച്ചത്. ഫ്രഞ്ച് താരമായ അലക്സാൻഡ്രെ കോയെഫിനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.32 കാരനായ ഈ താരം ഇനി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ ഉണ്ടാകും. ഒരു വർഷത്തെ കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്. ക്ലബ്ബ് വിട്ട മാർക്കോ ലെസ്ക്കോവിച്ചിന്റെ സ്ഥാനത്തേക്കാണ് കോയെഫ് ഇപ്പോൾ കടന്നുവരുന്നത്.
യൂറോപ്പിലെ പല പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ലാലിഗയിലും ലീഗ് വണ്ണിലും കളിച്ച പരിചയം ഈ താരത്തിന് ഉണ്ട്. അനുഭവ സമ്പത്ത് തന്നെയാണ് ഈ താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. ഏറ്റവും ഒടുവിൽ ഫ്രാൻസിലെ രണ്ടാം ഡിവിഷനിലെ എസ്എം കാൻ എന്ന ക്ലബ്ബിനു വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. മികച്ച പ്രകടനം കഴിഞ്ഞ സീസണിൽ അദ്ദേഹം പുറത്തെടുത്തിട്ടുണ്ട്.
20 മത്സരങ്ങളാണ് കഴിഞ്ഞ സീസണിൽ ഫ്രാൻസിലെ രണ്ടാം ഡിവിഷനിൽ അദ്ദേഹം കളിച്ചത്.990 മിനുട്ടുകൾ കളിക്കളത്തിൽ ചിലവഴിച്ചു.മൂന്ന് അസിസ്റ്റുകൾ അദ്ദേഹം നൽകിയിട്ടുണ്ട്.18 ഇന്റർ സെപ്ഷനുകൾ,30 ടാക്കിളുകൾ,72 ബോൾ റിക്കവറികൾ,42 ക്ലിയറൻസുകൾ,64 ഡ്യൂവൽസ് വോൺ എന്നിവയൊക്കെ താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ സീസണിൽ ഇത്രയും മത്സരങ്ങൾ കളിച്ചിട്ടും കേവലം ഒരു കാർഡ് മാത്രമാണ് അദ്ദേഹം വഴങ്ങിയിട്ടുള്ളത്. വളരെയധികം അച്ചടക്കമുള്ള താരമാണ് കോയെഫ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. മികച്ച പ്രകടനം നടത്തുന്ന താരത്തിൽ നിന്നും അതിന് സമാനമായ പ്രകടനം തന്നെയാണ് വരുന്ന സീസണിൽ ക്ലബ്ബിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയുള്ള താരങ്ങൾക്കെതിരെ കളിച്ച ഒരു പരിചയവും ഈ താരത്തിനുണ്ട്.
മാത്രമല്ല ഡിഫൻസിലെ പല പൊസിഷനുകളിലും ഇദ്ദേഹത്തെ ഉപയോഗപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. അതും അനുകൂലമായ ഒരു ഘടകമാണ്. ഏതായാലും താരത്തിന്റെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.മിലോസ് ഡ്രിൻസിച്ച്,കോയെഫ് എന്നിവർ ചേർന്നു കൊണ്ടാണ് പ്രതിരോധത്തിൽ നിലകൊള്ളുക.