ബ്രസീൽ ഇത്തവണത്തെ കോപ്പ അമേരിക്ക ഒരു മികച്ച ടീമുമായാണ് വന്നിരിക്കുന്നത്. പരിശീലകൻ ഡൊറിവാൽ ജൂനിയർ ഏറ്റവും മികച്ച നിരയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.യുവ താരങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകിയിട്ടുണ്ട്. 17 വയസ്സുകാരനായ എൻഡ്രിക്കിനെ ഈ പരിശീലകൻ കോപ്പയിലേക്ക് പരിഗണിക്കുകയായിരുന്നു.
എൻഡ്രിക്കിനെ പരിശീലകൻ ഉപയോഗപ്പെടുത്തുമെന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കളിക്കളത്തിൽ ഇറങ്ങുന്നതോടുകൂടി അദ്ദേഹം ഒരു റെക്കോർഡ് സ്വന്തമാക്കും. അതായത് കോപ്പ അമേരിക്കയിൽ ബ്രസീലിന് വേണ്ടി പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോർഡായിരിക്കും എൻഡ്രിക്ക് സ്വന്തമാക്കുക. ബ്രസീലിന്റെ കഴിഞ്ഞ സൗഹൃദ മത്സരങ്ങളിൽ കളിക്കുകയും ഗോളടിക്കുകയും ചെയ്തിട്ടുള്ള താരമാണ് എൻഡ്രിക്ക്.
ഇംഗ്ലണ്ട്, സ്പെയിൻ എന്നിവർക്കെതിരെ ബ്രസീലിന് വേണ്ടി കളിച്ച ഈ താരം ഗോളുകൾ നേടുകയും ചെയ്തിരുന്നു.അന്ന് തന്നെ ഒരുപാട് റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇനി നടക്കുന്ന മെക്സിക്കോക്കെതിരെയുള്ള സൗഹൃദ മത്സരത്തിലും എൻഡ്രിക്ക് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിനിടെ ബ്രസീൽ അവരുടെ ജേഴ്സി നമ്പറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിന്റെ വിശ്വവിഖ്യാതമായ പത്താം നമ്പർ ജേഴ്സി സൂപ്പർ താരം റോഡ്രിഗോയാണ് അണിയുക. നെയ്മറുടെ അഭാവത്തിലാണ് റോഡ്രിഗോ പത്താം നമ്പർ അണിയുന്നത്.വിനീഷ്യസ് ഏഴാം നമ്പർ ധരിക്കുമ്പോൾ റൊണാൾഡോ നസാരിയോ അടക്കമുള്ള ഇതിഹാസങ്ങൾ അണിഞ്ഞിട്ടുള്ള ഒമ്പതാം നമ്പർ ജേഴ്സിയാണ് വണ്ടർ കിഡ് എൻഡ്രിക്ക് ധരിക്കുക. ബ്രസീലിന്റെ ജഴ്സി നമ്പറുകൾ താഴെ നൽകുന്നുണ്ട്.