അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് ഇനി ആറുമാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.USAയിൽ വെച്ചു കൊണ്ടാണ് 2024 കോപ്പ അമേരിക്ക നടക്കുക. 16 ടീമുകളാണ് കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടുക. നാലു വീതം ടീമുകൾ ഉൾപ്പെട്ട നാല് ഗ്രൂപ്പുകളായി ഇതിനെ തരം തിരിച്ചിട്ടുണ്ട്.
ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ ക്വാർട്ടറിൽ പ്രവേശിക്കും. പിന്നീട് സെമി,ഫൈനൽ എന്നിങ്ങനെയാണ് കാര്യങ്ങൾ പോവുക. നിലവിലെ ചാമ്പ്യന്മാർ അർജന്റീനയാണ്. 2021ൽ അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയ ഫൈനൽ മത്സരം ആരാധകർ മറക്കാൻ സാധ്യതയില്ല.മാരക്കാനയിൽ വെച്ച് നടന്ന മത്സരത്തിൽ ഒരു ഗോളിനായിരുന്നു അർജന്റീന ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടിയത്.
അർജന്റീനയും ബ്രസീലും തമ്മിൽ അടുത്ത കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ടോ?ഏറ്റുമുട്ടുകയാണെങ്കിൽ ഏത് റൗണ്ടിലായിരിക്കും അത് സംഭവിക്കുക എന്നതൊക്കെ ആരാധകർക്ക് അറിയേണ്ട കാര്യമാണ്.അതിനുള്ള ഉത്തരം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.അർജന്റീനയും ബ്രസീലും തമ്മിൽ പരസ്പരം മുഖാമുഖം വരിക ഫൈനലിൽ മാത്രമാണ്. അതിനു മുൻപ് അർജന്റീനയും ബ്രസീലും ഏറ്റുമുട്ടേണ്ടി വരില്ല. അതിന്റെ കാരണം നമുക്ക് പരിശോധിക്കാം.
അർജന്റീന ഗ്രൂപ്പ് A യിലാണ് വരുന്നത്. ബ്രസീൽ ഗ്രൂപ്പ് ഡിയിലാണ് വരുന്നത്. അർജന്റീന ഗ്രൂപ്പ് Aയിൽ ചാമ്പ്യന്മാരായി കൊണ്ട് മുന്നോട്ടു പോയാലും റണ്ണേഴ്സ് അപ്പ് ആയിക്കൊണ്ടു മുന്നോട്ടു പോയാലും ഗ്രൂപ്പ് ബിയിൽ നിന്നും വരുന്ന എതിരാളികളെ മാത്രമാണ് ക്വാർട്ടർ ഫൈനലിൽ നേരിടേണ്ടി വരിക. ഇനി ക്വാർട്ടർ കഴിഞ്ഞ് വിജയിച്ച് സെമിഫൈനലിൽ എത്തിയാലും ഗ്രൂപ്പ് Aയിലേയോ Bയിലെയോ ടീമിനെ തന്നെയാണ് സെമിയിൽ നേരിടേണ്ടി വരിക.ഗ്രൂപ് സി,ഡി എന്നിവരെ നേരിടേണ്ടി വരില്ല.
അതായത് ഉറുഗ്വയും ബ്രസീലും ഫൈനലിന് മുന്നേ അർജന്റീനയുടെ മുന്നിൽ വരില്ല. ഫൈനലിൽ മാത്രമാണ് ബ്രസീലിനെയോ ഉറുഗ്വയെയോ നേരിടേണ്ട ഒരു സാഹചര്യം അർജന്റീനക്ക് വരികയുള്ളൂ. ഈയിടെ ഉറുഗ്വയോട് പരാജയപ്പെട്ട ടീമാണ് അർജന്റീന.അതേസമയം ബ്രസീലും ഉറുഗ്വയും തമ്മിലുള്ള മത്സരം ഫൈനലിന് മുന്നേ അരങ്ങേറിയേക്കാം.