ഇന്ന് യൂറോ കപ്പിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കളിക്കുന്നുണ്ട്. എതിരാളികൾ ജോർജിയയാണ്. ഇന്ന് അർദ്ധരാത്രി 12:30നാണ് പോർച്ചുഗലും ജോർജിയയും തമ്മിൽ ഏറ്റുമുട്ടുക. പോർച്ചുഗൽ നേരത്തെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചതാണ്.ആദ്യത്തെ രണ്ട് മത്സരങ്ങളിലും അവർ വിജയിച്ചിരുന്നു.
കഴിഞ്ഞ മത്സരത്തിൽ തുർക്കിക്കെതിരെ ഗംഭീര വിജയമാണ് അവർ നേടിയത്.മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അവർ തുർക്കിയെ തോൽപ്പിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഒരു അസിസ്റ്റ് നേടിയിരുന്നു.ഈ മത്സരത്തിനിടെ പലപ്പോഴും ആരാധകർ വലിയ പ്രശ്നമായി. ആരാധകർ കളിക്കളത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.ഒരു ആരാധകൻ റൊണാൾഡോക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു.
അതിനു പിന്നാലെ കൂടുതൽ പേർ കളത്തിലേക്ക് എത്തി. ഏകദേശം ആറോളം ആരാധകർ വിവിധ സന്ദർഭങ്ങളിലായി കളത്തിലേക്ക് എത്തുകയായിരുന്നു.എല്ലാം റൊണാൾഡോയുടെ ഫാൻസായിരുന്നു. ആരാധകരുടെ ഈ പ്രവർത്തി വലിയ വിവാദമായിട്ടുണ്ട്. ഇതിനെതിരെ നടപടി കൈക്കൊള്ളുമെന്ന് യുവേഫ അറിയിച്ചിരുന്നു. നടപടിയെടുക്കാൻ പോർച്ചുഗൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മറ്റൊരു നിർദ്ദേശവുമായി പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് മുന്നോട്ടുവന്നിട്ടുണ്ട്.
ദയവ് ചെയ്ത് കളിക്കളം കയ്യേറാതിരിക്കൂ എന്നാണ് പോർച്ചുഗൽ പരിശീലകന്റെ അഭ്യർത്ഥന. റൊണാൾഡോയുടെ ആരാധകരോടാണ് ഈ റിക്വസ്റ്റ് അദ്ദേഹം നടത്തിയിട്ടുള്ളത്. പ്രസ് കോൺഫറൻസിൽ മാർട്ടിനെസ്സ് പറഞ്ഞത് ഇങ്ങനെയാണ്.
കഴിഞ്ഞ 20 വർഷത്തോളമായി പോർച്ചുഗൽ ടീമിനോടൊപ്പം ഉള്ള വളരെയധികം എക്സ്പീരിയൻസ്ഡായിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ആരാധകരിൽ നിന്നുള്ള പിന്തുണ അദ്ദേഹത്തിന് അറിയാവുന്നതാണ്.പോർച്ചുഗൽ ആരാധകർ മാത്രമല്ല,ലോകത്തുള്ള എല്ലാ ഫുട്ബോൾ ആരാധകരും അദ്ദേഹത്തെ പിന്തുണക്കുന്നു.പക്ഷേ ഇനി ആരാധകർ കളത്തിലേക്ക് വരില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.നിങ്ങൾ അത് ചെയ്യരുത്,ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞത്.
ഇന്ന് റൊണാൾഡോ സ്റ്റാർട്ട് ചെയ്യും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ മാറ്റങ്ങൾ ഉണ്ടാകും എന്നുള്ള സൂചന നേരത്തെ പരിശീലകൻ നൽകിയിരുന്നു. അതായത് റൊണാൾഡോ വിശ്രമം നൽകിയാലും അത്ഭുതപ്പെടേണ്ടതില്ല എന്നർത്ഥം.രണ്ട് മത്സരങ്ങൾ കളിച്ചിട്ടും റൊണാൾഡോ അക്കൗണ്ട് തുറക്കാത്തത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.