ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ സ്ലോവേനിയയെ പരാജയപ്പെടുത്തിയത്.സംഭവബഹുലമായ ഒരു മത്സരം തന്നെയായിരുന്നു നടന്നിരുന്നത്. ഒടുവിൽ പോർച്ചുഗൽ രക്ഷപ്പെട്ടു എന്ന് തന്നെ പറയാം.
മത്സരത്തിന്റെ നിശ്ചിത സമയത്ത് ഗോളുകൾ നേടാൻ രണ്ട് ടീമുകൾക്കും കഴിഞ്ഞിരുന്നില്ല.ഇതോടെ എക്സ്ട്രാ ടൈമിലേക്ക് മത്സരം കടന്നു. അപ്പോഴാണ് പോർച്ചുഗലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കി. ഗോൾകീപ്പർ ഒബ്ലക്ക് അത് സേവ് ചെയ്യുകയായിരുന്നു. ഇതോടെ മത്സരം വീണ്ടും സമനിലയിൽ കലാശിച്ചു. പെനാൽറ്റി പാഴാക്കിയതിൽ ദുഃഖിതനായ ക്രിസ്റ്റ്യാനോ കരയുകയായിരുന്നു. പക്ഷേ പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗലിന്റെ ആദ്യ കിക്ക് എടുക്കാൻ ക്രിസ്റ്റ്യാനോ തന്നെയാണ് മുന്നോട്ടുവന്നത്. പോർച്ചുഗല്ലിന്റെ മൂന്ന് താരങ്ങളും പെനാൽറ്റി ഗോളാക്കി മാറ്റി. അതേസമയം സ്ലോവേനിയക്ക് പിഴച്ചു.
അതായത് അവരുടെ മൂന്ന് കിക്കുകളും പോർച്ചുഗൽ ഗോൾകീപ്പർ ആയ ഡിയഗോ കോസ്റ്റ സേവ് ചെയ്യുകയായിരുന്നു. അങ്ങനെ പോർച്ചുഗൽ ക്വാർട്ടർ യോഗ്യത കരസ്ഥമാക്കി. മത്സരത്തിനുശേഷം കൈകൂപ്പി കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. കരഞ്ഞതിനും മാപ്പ് പറഞ്ഞതിനും റൊണാൾഡോ തന്നെ ഇപ്പോൾ വിശദീകരണം നൽകിയിട്ടുണ്ട്.
ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്. ഗോളടിക്കാൻ ശ്രമിക്കുന്നവർ തന്നെയാണ് അതിൽ പരാജയപ്പെടുന്നതും. ഞങ്ങൾക്ക് ഗോളടിക്കാൻ കഴിഞ്ഞില്ല എന്നത് വളരെയധികം നിരാശയുണ്ടാക്കി. പക്ഷേ ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്. ഞാൻ പെനാൽറ്റി പാഴാക്കിയെങ്കിലും ആദ്യത്തെ പെനാൽറ്റി എടുക്കാൻ ഞാൻ തന്നെ മുന്നോട്ടു വന്നു.നമുക്ക് ഉത്തരവാദിത്വങ്ങളിൽ നിന്നും ഒരിക്കലും ഒളിച്ചോടാൻ കഴിയില്ല.ആരാധകരോട് മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.ഞാൻ എപ്പോഴും പോർച്ചുഗലിന് എല്ലാം നൽകുന്നവനാണ്.ഈ വർഷത്തിൽ ഞാൻ എടുത്ത ഒരൊറ്റ പെനാൽറ്റി പോലും ഞാൻ പാഴാക്കിയിട്ടില്ല.പക്ഷേ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്ത് ഞാൻ പാഴാക്കി. അതാണ് അങ്ങനെയൊക്കെ സംഭവിച്ചു പോയത്,ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
ഏതായാലും പ്രതിസന്ധികളെയെല്ലാം അതിജീവിച്ചുകൊണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചു എന്നത് പോർച്ചുഗലിന് സന്തോഷം നൽകുന്ന കാര്യമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വരൾച്ച ഇപ്പോഴും തുടരുന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യവുമാണ്.