മെസ്സി..മെസ്സി..!ചാന്റുമായി അൽ ഹിലാൽ ഫാൻസ്,ഫ്ലെയിങ് കിസ്സ് നൽകി ക്രിസ്റ്റ്യാനോ,ഹിലാൽ പ്രസിഡന്റിനോട് പരാതിയും പറഞ്ഞു.
ഇന്നലെയായിരുന്നു സൗദി അറേബ്യൻ ലീഗിൽ റിയാദ് ഡെർബി നടന്നത്. സൗദിയിലെ പ്രശസ്തരായ അൽ ഹിലാലും അൽ നസ്റും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ വലിയ ഒരു തോൽവി അൽ നസ്റിന് വഴങ്ങേണ്ടിവന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അൽ നസ്ർ പരാജയപ്പെട്ടത്.മിട്രോവിച്ച് രണ്ടു ഗോളുകൾ നേടിയപ്പോൾ സാവിച്ച് ഒരു ഗോൾ സ്വന്തമാക്കി.
വിവാദങ്ങളാൽ സമ്പന്നമായിരുന്നു ഈ മത്സരം.ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു ഗോളുകൾ നേടിയെങ്കിലും രണ്ടും ഓഫ് സൈഡ് ആവുകയായിരുന്നു. എന്നാൽ അതിലൊന്ന് ഓഫ് സൈഡ് അല്ലെന്നും ഗോൾ ആണെന്നുമുള്ള വാദം നിലനിൽക്കുന്നുണ്ട്. മാത്രമല്ല അൽ നസ്റിന് അർഹിച്ച ഒരു പെനാൽറ്റി റഫറി നൽകിയില്ലെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മത്സരത്തിൽ പലപ്പോഴും രണ്ട് ടീമുകളിലെയും താരങ്ങൾ തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു.
നിരവധി അൽഹിലാൽ ആരാധകരായിരുന്നു മത്സരം കാണാൻ തടിച്ചുകൂടിയിരുന്നത്.അവരുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലയണൽ മെസ്സി ചാന്റ് തന്നെയായിരുന്നു.മെസ്സി..മെസ്സി ചാന്റ് ക്രിസ്റ്റ്യാനോക്ക് നേരെ ഇവർ മുഴക്കുകയായിരുന്നു. എന്നാൽ വളരെ വ്യത്യസ്തമായ രീതിയിലാണ് റൊണാൾഡോ ഇതിനോട് പ്രതികരിച്ചത്.ഈ ആരാധകർക്ക് റൊണാൾഡോ ഫ്ലെയിങ് കിസ്സ് നൽകുകയായിരുന്നു. ചിരിച്ചുകൊണ്ടാണ് റൊണാൾഡോ ഈ കിസ്സ് നൽകുന്നത്.
ക്രിസ്റ്റ്യാനോ എന്താണ് ഉദ്ദേശിച്ചത് എന്ന് കൃത്യമായി വ്യക്തമല്ല.പക്ഷേ അദ്ദേഹം സർക്കാസ്റ്റിയിട്ടാണ് അത് ചെയ്യുന്നത്. തന്നെ പ്രകോപിപ്പിക്കാൻ നോക്കുന്ന അൽ ഹിലാൽ ആരാധകരെ പരിഹസിക്കുകയാണ് റൊണാൾഡോ ഇതിലൂടെ ചെയ്യുന്നത് എന്നാണ് വീഡിയോകളിൽ നിന്ന് വ്യക്തമാവുന്നത്.മാത്രമല്ല മത്സരം അവസാനിച്ചതിനുശേഷം പോകുന്ന സമയത്ത് അൽ ഹിലാൽ പ്രസിഡണ്ടുമായി റൊണാൾഡോ സംസാരിക്കുന്നുണ്ട്. അൽ ഹിലാൽ ആരാധകരുടെ മോശം പെരുമാറ്റത്തെ കുറിച്ച് റൊണാൾഡോ പരാതി പറയുന്നതായി ദൃശ്യങ്ങളിൽ നിന്നും വളരെ വ്യക്തമാണ്.
മിന്നും ഫോമിൽ കളിക്കുന്ന റൊണാൾഡോക്ക് ഇന്നലെ നിർഭാഗ്യം വെല്ലുവിളിയാവുകയായിരുന്നു. വിജയം നേടിയതോടുകൂടി 7 പോയിന്റിന്റെ വ്യക്തമായ ലീഡ് ഇപ്പോൾ അൽ ഹിലാലിന് ലഭിച്ചു കഴിഞ്ഞു.നേരത്തെ സൂപ്പർതാരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഈ സൗദി ക്ലബ്ബ് നടത്തിയിരുന്നു. പക്ഷേ ഒരു ബില്യണിന്റെ ഓഫർ മെസ്സി നിരസിക്കുകയായിരുന്നു. മെസ്സി അൽ ഹിലാലിലേക്ക് വന്നിരുന്നെങ്കിൽ കാര്യങ്ങൾ കൂടുതൽ കളറായേനെ എന്ന് അഭിപ്രായക്കാർ ഫുട്ബോൾ ലോകത്ത് സജീവമാണ്.