ഭൂകമ്പ ദുരിതബാധിതർക്ക് സ്നേഹസ്പർശമൊരുക്കി ക്രിസ്റ്റ്യാനോ, അഭയാർത്ഥി ക്യാമ്പായി മാറി താരത്തിന്റെ ഹോട്ടൽ.
ലോകത്തെത്തന്നെ ഞെട്ടിച്ച ഒരു ഭൂകമ്പമാണ് കഴിഞ്ഞ ദിവസം മൊറോക്കോയിൽ നടന്നത്. രണ്ടായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടമായിട്ടുണ്ട്. മൊറോക്കൻ ജനത ഈ ഭൂകമ്പത്തിന്റെ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഭൂകമ്പ ദുരിതബാധിതർക്ക് സഹായഹസ്തവുമായി മുന്നോട്ടു വന്നിട്ടുണ്ട്. മൊറോക്കോയിൽ റൊണാൾഡോയുടെ കീഴിൽ ഒരു ആഡംബര ഹോട്ടൽ സ്ഥിതി ചെയ്യുന്നുണ്ട്. ഭൂകമ്പ ബാധിതർക്ക് ആ ഹോട്ടൽ ഇപ്പോൾ തുറന്നു കൊടുത്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഡംബര ഹോട്ടൽ ഇപ്പോൾ അഭയാർത്ഥി ക്യാമ്പായി മാറിയിട്ടുണ്ട്.
താരത്തിന്റെ ഈ സൽപ്രവർത്തി വലിയ രൂപത്തിലുള്ള കൈയ്യടികളാണ് നേടിയിട്ടുള്ളത്.പലപ്പോഴും ഇത്തരം കാര്യങ്ങളിൽ വേഗത്തിൽ മുന്നോട്ടുവന്ന സഹായങ്ങൾ നൽകുന്ന ഒരു വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മൊറോക്കോയിലും അത് തന്നെയാണ് നമുക്ക് കാണാൻ കഴിയുക. മൊറോക്കൻ താരങ്ങളായ അഷ്‌റഫ് ഹക്കീമിയും സോഫിയാൻ അമ്പ്രബാത്തുമൊക്കെ ലോകത്തിനോട് തങ്ങളുടെ ജനതക്ക് വേണ്ടി സഹായങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഫുട്ബോൾ കമ്മ്യൂണിറ്റി മൊറോക്കോക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തി ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം നേടിയ ടീമാണ് മൊറോക്കോ.ആ രാജ്യത്തിന്റെ അതിജീവനത്തിനുവേണ്ടി എല്ലാവരും കൈക്കോർത്തിരിക്കുകയാണ് ഇപ്പോൾ.