ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ പോർച്ചുഗലിന് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗലിനെ ജോർജിയ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നു.എന്നാൽ ചില സുപ്രധാന താരങ്ങൾ കളിച്ചിരുന്നില്ല.പോർച്ചുഗലിന് തോൽവി വഴങ്ങേണ്ടിവന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
പരാജയപ്പെട്ടെങ്കിലും പോർച്ചുഗൽ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ തന്നെ പ്രീ ക്വാർട്ടർ യോഗ്യത അവർ കരസ്ഥമാക്കിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യെല്ലോ കാർഡ് ലഭിച്ചിട്ടുണ്ട്. മത്സരത്തിന്റെ 28ആം മിനുട്ടിൽ ജോർജിയൻ താരം റൊണാൾഡോയുടെ ജേഴ്‌സി പിടിച്ചു വലിച്ചുകൊണ്ട് അദ്ദേഹത്തെ ഫൗൾ ചെയ്തിരുന്നു.എന്നാൽ റഫറി ഇത് പെനാൽറ്റി നൽകിയില്ല.
ഇതോടെ നിയന്ത്രണം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ റഫറിയോട് ചൂടാവുകയായിരുന്നു.ഇതേ തുടർന്ന് താരത്തിന് റഫറി യെല്ലോ കാർഡ് നൽകുകയും ചെയ്തു. പെനാൽറ്റി നൽകാത്തതിൽ രൂക്ഷ വിമർശനവുമായി പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് രംഗത്ത് വന്നിട്ടുണ്ട്.VAR നെതിരെയാണ് ഇദ്ദേഹം വിമർശനം ഉന്നയിച്ചിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇപ്രകാരമാണ്.
അത് പെനാൽറ്റിയാണ്,എന്നാൽ അത് അനുവദിക്കപ്പെട്ടില്ല. ഈ മത്സരത്തിൽ VAR സമ്പൂർണ്ണ ദുരന്തമായിരുന്നു.VAR ന് ഒരിക്കലും സ്ഥിരതയില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെത് ക്ലിയർ പെനാൽറ്റി ആണ്.എന്നിട്ടും അത് നിഷേധിക്കുകയായിരുന്നു,ഇതാണ് പോർച്ചുഗൽ കോച്ച് പറഞ്ഞിട്ടുള്ളത്.
പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗല്ലും സ്ലോവേനിയയും തമ്മിലാണ് ഏറ്റുമുട്ടുക. മികച്ച പ്രകടനം പോർച്ചുഗൽ നടത്തിയാൽ മാത്രമാണ് അവർക്ക് മുന്നോട്ടുപോകാൻ സാധിക്കുക. 3 മത്സരങ്ങൾ കളിച്ചിട്ടും റൊണാൾഡോ ഗോൾ നേടാത്തത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.