1200ൽ തീപ്പൊരിയായി ക്രിസ്റ്റ്യാനോ,തകർപ്പകൻ പ്രകടനം,അൽ നസ്റിന് മിന്നും വിജയവും.
സൗദി അറേബ്യൻ ലീഗിൽ നടന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ വിജയിച്ച് കയറിയിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ റിയാദിനെ തോൽപ്പിച്ചിട്ടുള്ളത്.തിളങ്ങിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ അദ്ദേഹം നേടിയത്.
കരിയറിൽ ആകെ 1200 മത്സരങ്ങൾ ഇപ്പോൾ ക്രിസ്റ്റ്യാനോ പൂർത്തിയാക്കി കഴിഞ്ഞു. ഇന്നലെ 1200 ആമത്തെ പ്രൊഫഷണൽ മത്സരമായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. മത്സരത്തിൽ അൽ നസ്റിന് ലീഡ് നേടിക്കൊടുത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.മാനെയുടെ അസിസ്റ്റിൽ നിന്നും ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ റൊണാൾഡോ ഫിനിഷ് ചെയ്യുകയായിരുന്നു.
ആദ്യപകുതിയുടെ അവസാനത്തിൽ റൊണാൾഡോയുടെ അസിസ്റ്റ് പിറന്നു. അദ്ദേഹത്തിന്റെ ക്രോസിൽ നിന്ന് ഒട്ടാവിയോയാണ് ഗോൾ കണ്ടെത്തിയത്. ഇതോടെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിൽക്കാൻ അൽ നസ്റിന് സാധിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബ്രസീലിയൻ സൂപ്പർതാരമായ ടാലിസ്‌ക്ക ഇരട്ട ഗോളുകൾ നേടി.സുൽത്താൻ,മാനെ എന്നിവരാണ് അസിസ്റ്റുകൾ നൽകിയത്. ഇതോടെ ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം ക്രിസ്റ്റ്യാനോയും സംഘവും കരസ്ഥമാക്കുകയായിരുന്നു.
നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് അൽ ഹിലാൽ ആണ് ഉള്ളത്. രണ്ടാം സ്ഥാനത്താണ് അൽ നസ്ർ വരുന്നത്. 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണ് അൽ നസ്റിന് ഉള്ളത്.ഇന്നലത്തെ വിജയത്തോടുകൂടി ആകെ 791 മത്സരങ്ങളിൽ റൊണാൾഡോ വിജയിച്ചിട്ടുണ്ട്.ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച താരം കൂടിയാണ് റൊണാൾഡോ.
സൗദി ലീഗിൽ ആകെ 15 മത്സരങ്ങളാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് പതിനാറ് ഗോളുകളും എട്ട് അസിസ്റ്റുകളും താരം സ്വന്തമാക്കി കഴിഞ്ഞു. മിന്നുന്ന പ്രകടനമാണ് ഈ സീസണലും അദ്ദേഹം നടത്തുന്നത്. ആകെ 1200 മത്സരങ്ങളിൽ നിന്ന് 868 ഗോളുകൾ റൊണാൾഡോ നേടി കഴിഞ്ഞു.248 അസിസ്റ്റുകളും അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു. അത്ഭുതകരമായ കണക്കുകൾ തന്നെയാണ് റൊണാൾഡോക്ക് ഇപ്പോൾ അവകാശപ്പെടാനുള്ളത്.