ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ ഒരു ഹാട്രിക്ക് കൂടി നേടിയിട്ടുണ്ട്. സൗദി അറേബ്യൻ പ്രൊഫഷണൽ ലീഗിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 5 ഗോളുകൾക്കായിരുന്നു അൽ നസ്ർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ 3 ഗോളുകളും ഒരു അസിസ്റ്റും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.കരിയറിൽ 63 അസിസ്റ്റുകൾ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു.
38,55,96 എന്നീ മിനിട്ടുകളിലാണ് റൊണാൾഡോയുടെ ഗോളുകൾ വന്നത്. 38 വയസ്സ് പ്രായമുള്ള റൊണാൾഡോ ലോക ഫുട്ബോളിലെ യുവതാരങ്ങളെ പോലും നാണിപ്പിക്കും വിധം ഗോൾ വേട്ട തുടരുകയാണ്.കരിയറിലെ പ്രൈം സമയത്തിലൂടെ പോയിക്കൊണ്ടിരിക്കുന്ന ഹാലന്റിനോടും എംബപ്പേയോടുമൊക്കെയാണ് റൊണാൾഡോ ഇപ്പോൾ മത്സരിച്ചു കൊണ്ടിരിക്കുന്നത്. ഈ 2023 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം 38 വയസ്സുള്ള റൊണാൾഡോയാണ് എന്നറിയുമ്പോൾ പലർക്കും അൽഭുതമായിരിക്കും.
ആകെ 28 ഗോളുകളാണ് ഈ വർഷം റൊണാൾഡോ നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഹാലന്റിന്റെ തൊട്ടരികിൽ റൊണാൾഡോ എത്തിക്കഴിഞ്ഞു.ഹാലന്റ് 31 ഗോളുകളാണ് ഈ വർഷത്തിൽ നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് വരുന്നത് ബെൻസിമയാണ്. 27 ഗോളുകളാണ് ബെൻസിമ നേടിയിട്ടുള്ളത്. 25 ഗോളുകൾ നേടിയ എംബപ്പേ പിറകിലാണ്.ലയണൽ മെസ്സിയും ഇക്കാര്യത്തിൽ പിറകിലാണ്. അവിടെയാണ് റൊണാൾഡോയുടെ പോരാട്ടവീര്യത്തിന്റെ ആഴം മനസ്സിലാക്കുക.
അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ ആറു ഗോളുകൾ നേടിക്കൊണ്ട് ടോപ്പ് സ്കോറർ ആയത് റൊണാൾഡോ ആയിരുന്നു. ഇപ്പോൾ സൗദി അറേബ്യൻ ലീഗിലും റൊണാൾഡോ ഗോൾവേട്ടക്ക് തുടക്കം കുറിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിലും ഈ സീസണലുമായി ആകെ 17 ഗോളുകൾ സൗദി അറേബ്യൻ ലീഗിൽ റൊണാൾഡോ നേടിക്കഴിഞ്ഞു.