ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് നേട്ടം കരസ്ഥമാക്കിയത് അദ്ദേഹത്തിന്റെ ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. 38 കാരനായ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന്റെ പ്രായം ഒരു തടസ്സവുമില്ല.അൽ ഫത്തേഹിനെതിരെയുള്ള മത്സരത്തിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരിക്കുന്നത്.
ഒരു ഹെഡര്‍ ഗോൾ, രണ്ട് ലെഫ്റ്റ് ഫൂട്ട് ഗോളുകൾ,ഒരു ബാക്ക് ഹീൽ അസിസ്റ്റ് എന്നിവയാണ് റൊണാൾഡോ ഈ മത്സരത്തിൽ നേടിയിരിക്കുന്നത്.മത്സരത്തിന്റെ മുഴുവൻ സമയവും ഊർജ്ജസ്വലനായി കളിച്ച റൊണാൾഡോ യുവതാരങ്ങളെ പോലും അത്ഭുതപ്പെടുത്തുകയാണ്. ഈ പ്രായത്തിലും അദ്ദേഹം പുലർത്തുന്ന സ്ഥിരതയും പാഷനും ശാരീരിക ക്ഷമതയും ഏവർക്കും മാതൃകയാക്കാവുന്നതാണ്. യുവ താരങ്ങൾക്ക് പാഠപുസ്തകമാക്കാവുന്ന ഒരു താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
മൂന്നോ അതിലധികമോ ഗോളുകളും അസിസ്റ്റും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മത്സരത്തിൽ കരസ്ഥമാക്കുന്നത് ഇത് പതിനാറാം തവണയാണ്.അൽ നസ്റിന് വേണ്ടി റൊണാൾഡോ നേടുന്ന മൂന്നാമത്തെ ഹാട്രിക്കാണ് ഇന്നലെ പിറന്നിട്ടുള്ളത്. മാത്രമല്ല ഈ വർഷം റൊണാൾഡോ 3 ഹാട്രിക്കുകൾ നേടി കഴിഞ്ഞു. കൂടാതെ ലീഗുകളിൽ ആകെ 42 ഹാട്രിക്കുകളാണ് റൊണാൾഡോ പൂർത്തിയാക്കിയിട്ടുള്ളത്.
ക്ലബ്ബ് ഹാട്രിക്ക് 53 തവണ റൊണാൾഡോ നേടിക്കഴിഞ്ഞു. കരിയറിൽ ആകെ 63 തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നു ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്. സൗദി അറേബ്യൻ ലീഗിൽ ആകെ 17 ഗോളുകൾ റൊണാൾഡോ നേടിക്കഴിഞ്ഞു. 515 ലീഗ് ഗോളുകളാണ് ആകെ റൊണാൾഡോ തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്. ഇങ്ങനെ ഏവരെയും അമ്പരപ്പിക്കുന്ന കണക്കുകൾ മാത്രമാണ് ക്രിസ്റ്റ്യാനോ എന്ന ഇതിഹാസത്തിന് അവകാശപ്പെടാനുള്ളത്.