ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൗദി ക്ലബ്ബായ അൽ നസ്റും ഇറാനിയൻ ക്ലബ്ബായ പെർസ്പോളിസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാനാവാതെ സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അൽ നസ്ർ താരം അലി നജാമി റെഡ് കാർഡ് കണ്ട് പുറത്ത് പോവുകയായിരുന്നു.ഇത് അവർക്ക് തിരിച്ചടിയായി.
എന്നാൽ ഈ മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറ്റൊരു പ്രവർത്തിയാണ്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അൽ നസ്റിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ വീഴ്ത്തിയതിനെ തുടർന്നായിരുന്നു ഈ പെനാൽറ്റി വിധിക്കപ്പെട്ടിരുന്നത്. എന്നാൽ അത് അനർഹമായ ഒരു പെനാൽറ്റി ആയിരുന്നു. അത് ഫൗൾ അല്ല എന്നത് പെർസ്പോളിസ് താരങ്ങൾ റഫറിയോട് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ആ സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ കടന്നു വരികയും അത് പെനാൽറ്റി അല്ലെന്ന് റഫറിയോട് പറയുകയും ചെയ്തു. ഇതോടെ റഫറി പെനാൽറ്റി നൽകിയില്ല. അനർഹമായ പെനാൽറ്റി നേടിയെടുക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നില്ല. തനിക്ക് ഗോളടിക്കാനുള്ള അവസരം അദ്ദേഹം വേണ്ടെന്ന് വെക്കുകയായിരുന്നു.റൊണാൾഡോയുടെ ഈ പ്രവർത്തി വലിയ കൈയ്യടികൾ നേടിക്കൊടുത്തിട്ടുണ്ട്. ഒരു പ്രൊഫഷണൽ താരം എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണമാണ് റൊണാൾഡോ കാണിച്ചു നൽകിയിട്ടുള്ളത്.
മറ്റുള്ളവർക്ക് മാതൃകയാവുകയാണ് റൊണാൾഡോ യഥാർത്ഥത്തിൽ ചെയ്തിട്ടുള്ളത്. പക്ഷേ മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ താരത്തിന് കഴിഞ്ഞില്ല എന്നത് മാത്രമല്ല മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹത്തിന്റെ കഴുത്തിന് പരിക്കേൽക്കുകയും ചെയ്തു.എതിർ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.തുടർന്ന് അദ്ദേഹം കളത്തിൽ നിന്നും പിൻവാങ്ങുകയും ചെയ്തു.അടുത്ത മത്സരത്തിൽ അൽ ഹിലാലാണ് അവരുടെ എതിരാളികൾ. ആ മത്സരത്തിന് റൊണാൾഡോ തയ്യാറാക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ അടുത്തഘട്ടത്തിലേക്ക് മുന്നേറാൻ ഇപ്പോൾ അൽ നസ്റിന് സാധിച്ചിട്ടുണ്ട്. 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുകൾ നേടിക്കൊണ്ടാണ് അൽ നസ്ർ ഒന്നാം സ്ഥാനം ഉറപ്പിച്ച് അടുത്തഘട്ടത്തിലേക്ക് മുന്നേറിയിട്ടുള്ളത്. നിലവിൽ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.