38 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും തന്റെ മാസ്മരിക പ്രകടനം തുടരുന്നത് ലോക ഫുട്ബോളിന് തന്നെ ഒരു അത്ഭുതമാണ്.പക്ഷേ റൊണാൾഡോ അത് തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ അൽ അഖ്ദൂദിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ നസ്ർ പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിൽ തിളങ്ങിയത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
രണ്ട് ഗോളുകളാണ് റൊണാൾഡോ മത്സരത്തിൽ നേടിയത്. രണ്ടും തകർപ്പൻ ഗോളുകളായിരുന്നു. മത്സരത്തിന്റെ 77ആം മിനിറ്റിൽ പവർഫുൾ ഷോട്ടിലൂടെയാണ് റൊണാൾഡോയുടെ ഗോൾ വന്നത്.3 മിനിറ്റിനുശേഷം റൊണാൾഡോയുടെ വണ്ടർ ഗോൾ വന്നു.എതിർ ഗോൾകീപ്പർ ഗോൾ ക്ലിയർ ചെയ്യാൻ വേണ്ടി മുന്നോട്ടുവരികയായിരുന്നു. തന്റെ കാലുകളിൽ ലഭിച്ച പന്ത് റൊണാൾഡോ ഉയർത്തി അടിക്കുകയും അത് കൃത്യമായി വലയിൽ വന്ന് പതിക്കുകയുമായിരുന്നു. മൈതാന മധ്യത്തിന്റെ കുറച്ച് മുന്നിൽ വച്ചുകൊണ്ടായിരുന്നു റൊണാൾഡോയുടെ ഈ ഷോട്ട് പിറന്നിരുന്നത്.
കണ്ടവരെയെല്ലാം അമ്പരപ്പിച്ച ഒരു ഗോൾ തന്നെയായിരുന്നു പിറന്നിരുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ അൽ നസ്ർ തങ്ങളുടെ ഉജ്വല പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ്. 14 മത്സരങ്ങളിൽ 11 മത്സരങ്ങളും വിജയിച്ച അവർ 34 പോയിന്റോടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.അൽ ഹിലാലാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.റൊണാൾഡോ ഈ സീസണിൽ അത്യുജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 13 ലീഗ് മത്സരങ്ങൾ കളിച്ച അദ്ദേഹം 15 ഗോളുകളും 7 അസിസ്റ്റുകളും റൊണാൾഡോ സ്വന്തമാക്കി കഴിഞ്ഞു.
ഈ സീസണിൽ യുവതാരങ്ങളെ നാണിപ്പിക്കും വിധമുള്ള പ്രകടനമാണ് റൊണാൾഡോ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി പുറത്തെടുക്കുന്നത്.24 മത്സരങ്ങളാണ് താരം ആകെ കളിച്ചത്. 24 ഗോളുകൾ റൊണാൾഡോ നേടിക്കഴിഞ്ഞിട്ടുണ്ട്.8 അസിസ്റ്റുകളാണ് ഈ സീസണിൽ റൊണാൾഡോ നേടിയിട്ടുള്ളത്. ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ റൊണാൾഡോ ഉണ്ട്. 48 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്.
അൽ നസ്ർ ഇനി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് കളിക്കുക.റൊണാൾഡോ തന്നെയാണ് അവരുടെ പ്രതീക്ഷ.അവസാനമായി കളിച്ച 19 മത്സരങ്ങളിൽ ഒന്നിൽ പോലും അവർ പരാജയപ്പെട്ടിട്ടില്ല.ലൂയിസ് കാസ്ട്രോയുടെ നേതൃത്വത്തിൽ തകർപ്പൻ പ്രകടനമാണ് ഈ സൗദി ക്ലബ്ബ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.