സമീപകാലത്ത് അർജന്റീന നടത്തുന്ന പ്രകടനം അവിസ്മരണീയമാണ്. 2019 ലെ കോപ്പ അമേരിക്ക സെമിയിൽ പരാജയപ്പെട്ടതിനു ശേഷം കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് അർജന്റീന പരാജയപ്പെട്ടിട്ടുള്ളത്.നിരവധി കിരീടങ്ങൾ അവർ ഇക്കാലയളവിൽ സ്വന്തമാക്കുകയും ചെയ്തു. രണ്ട് കോപ്പ അമേരിക്കയും ഒരു വേൾഡ് കപ്പും ഒരു ഫൈനലിസിമയും അവർ സ്വന്തമാക്കിയിരുന്നു.
ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത് അർജന്റീനയാണ്.ഇങ്ങനെ എല്ലാ മേഖലയിലും അർജന്റീന ഇപ്പോൾ വിജയം കൈവരിച്ചിരിക്കുകയാണ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ഇപ്പോൾ അത്ര നല്ല സമയമല്ല. എന്നിരുന്നാലും ഒരു യൂറോ കപ്പും നേഷൻസ് ലീഗും തന്റെ രാജ്യത്തിന് നേടിക്കൊടുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. പക്ഷേ കഴിഞ്ഞ വേൾഡ് കപ്പിലും ഇത്തവണത്തെ യൂറോ കപ്പിലും അവർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു സ്റ്റേറ്റ്മെന്റാണ് ഇപ്പോൾ വൈറലാകുന്നത്. അതായത് അർജന്റീന,ബ്രസീൽ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളോടൊപ്പം കിരീടങ്ങൾ നേടുന്നതും വിജയങ്ങൾ കൈവരിക്കുന്നതും പോർച്ചുഗലിനോടൊപ്പം കിരീടങ്ങൾ നേടുന്നതും വിജയങ്ങൾ കൈവരിക്കുന്നതും രണ്ടും രണ്ടാണ് എന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞിട്ടുള്ളത്. അർജന്റീനക്കൊപ്പം കിരീടങ്ങൾ നേടുന്നതിനേക്കാൾ ബുദ്ധിമുട്ട് പോർച്ചുഗലിനൊപ്പം കിരീടങ്ങൾ നേടുന്നതിനാണ് എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിപ്രായപ്പെട്ടിട്ടുള്ളത്.
അതായത് അർജന്റീന,ബ്രസീൽ തുടങ്ങിയ ടീമുകൾക്ക് എപ്പോഴും മികച്ച താരങ്ങൾ ഉണ്ടാകുമെന്നും പോർച്ചുഗലിനു മുന്നിൽ എപ്പോഴും പ്രതിസന്ധികൾ ഉണ്ട് എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. നിരവധി സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് പോർച്ചുഗൽ.പക്ഷേ ഒരു ടീം എന്ന നിലയിൽ ഒത്തിണക്കം കാണിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് സമീപകാലത്ത് അവർക്ക് തിളങ്ങാൻ കഴിയാതെ പോയിട്ടുള്ളത്.