ഗോളും അസിസ്റ്റും നേടി മോഡ്രിച്ച്,നെതർലാണ്ട്സിനെ 4-2 ന് തോൽപ്പിച്ച് ക്രോയേഷ്യ ഫൈനലിൽ.
യുവേഫ നേഷൻസ് ലീഗ് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ വിജയിച്ചുകൊണ്ട് ഫൈനലിന് യോഗ്യത നേടാൻ ക്രൊയേഷ്യക്ക് സാധിച്ചു.4-2 എന്ന സ്കോറിന് നെതർലാണ്ട്സിനെ തോൽപ്പിച്ചു കൊണ്ടാണ് ക്രൊയേഷ്യ ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്. എക്സ്ട്രാ സമയത്തേക്ക് നീണ്ട ഈ സെമി ഫൈനൽ മത്സരത്തിൽ മോഡ്രിച്ച് തിളങ്ങിയതോടുകൂടിയാണ് ക്രൊയേഷ്യക്ക് വിജയം നേടാൻ കഴിഞ്ഞത്.
മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ നെതർലാൻഡ്സാണ് ലീഡ് എടുത്തത്.മലൻ നേടിയ ഗോളാണ് ഫസ്റ്റ് ഹാഫിൽ നെതർലാണ്ട്സിന് ലീഡ് നേടിക്കൊടുത്തത്. പക്ഷേ സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ തന്നെ ക്രമറിച്ച് പെനാൽറ്റി ഗോളിലൂടെ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. പിന്നീട് 72ആം മിനുട്ടിൽ ക്രൊയേഷ്യ മുന്നിലെത്തുകയായിരുന്നു.പസലിച്ചാണ് ഗോൾ നേടിയത്.
പക്ഷേ 96ആം മിനുട്ടിൽ ലാങ് നെതർലാൻസിനെ ഒപ്പം എത്തിച്ചതോടുകൂടി മത്സരം എക്സ്ട്രാ ടൈമിലേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് മോഡ്രിച്ച് മികവ് കാണിച്ചത്.98ആം മിനിറ്റിൽ പെറ്റ്കോവിച്ച് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് മോഡ്രിച്ച് ആയിരുന്നു.പിന്നീട് ലഭിച്ച പെനാൽറ്റി ഗോളാക്കിക്കൊണ്ട് മോഡ്രിച്ച് സ്കോർ 4-2 ആക്കിയതോടെ ക്രൊയേഷ്യ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
രണ്ടാമത്തെ സെമിഫൈനൽ മത്സരത്തിൽ കരുത്തർ തമ്മിലാണ് ഏറ്റുമുട്ടുക. സ്പെയിനും ഇറ്റലിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിൽ വിജയിക്കുന്നവരാണ് ക്രൊയേഷ്യക്കെതിരെ ഫൈനൽ കളിക്കുക. ജൂൺ പതിനെട്ടാം തീയതിയാണ് ഫൈനൽ നടക്കുക.