ന്നാലും ന്റെ സക്കായീ..അതെങ്ങനെ മിസ്സായി..അവിശ്വസനീയതയോടെ ഡ്രിൻസിച്ച്,ഞെട്ടലോടെ ആരാധകർ.
കേരള ബ്ലാസ്റ്റേഴ്സിന്റെ അത്യുഗ്രൻ തിരിച്ചുവരവാണ് ഇന്നലത്തെ മത്സരത്തിൽ നമുക്ക് കാണാൻ കഴിഞ്ഞത്.ഒരു ഘട്ടത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയിരുന്നു.പക്ഷേ അങ്ങനെ തോറ്റു കൊടുക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. 2 ഗോളുകൾ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കുകയായിരുന്നു. യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം അർഹിച്ചിരുന്നു എന്ന് വേണം പറയാൻ.അത്രയേറെ ആക്രമണങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസ് മോശമായിരുന്നു എന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് പ്രീതം കോട്ടാലിന്റെ അഭാവം നന്നായി നിഴലിച്ച് കാണുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ തന്നെ 3 ഗോളുകൾ വഴങ്ങിയത്.ഡിഫൻസിന്റെ അശ്രദ്ധമൂലമാണ് ഈ മൂന്ന് ഗോളുകളും വഴങ്ങേണ്ടി വന്നത്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര വളരെ വേഗത്തിൽ അതിനോട് പ്രതികരിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് നേടിയ ആദ്യ ഗോൾ ദിമിത്രിയോസ് പെനാൽറ്റിയിലൂടെയാണ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഗോൾ പെപ്രയാണ് നേടിയത്. ഒരു തകർപ്പൻ ഷോട്ടിൽ നിന്നായിരുന്നു പെപ്രയുടെ ഗോൾ വന്നത്. അതിനേക്കാൾ മനോഹരമായ ഗോളാണ് പിന്നീട് ദിമി നേടിയത്. ചെന്നൈ പ്രതിരോധനിര താരങ്ങളെ വകഞ്ഞ് മാറ്റി അവർക്കിടയിലൂടെ ഒരു തകർപ്പൻ ഷോട്ട് പെനാൽറ്റി ബോക്സിന് വെളിയിൽ നിന്നും അദ്ദേഹം ഉതിർക്കുകയായിരുന്നു. അത് നേരെ ചെന്നുകയറിയത് ചെന്നൈ വലയിലേക്കാണ്.ഒരു കിടിലൻ ലോങ്ങ് റേഞ്ച് ഗോൾ തന്നെയാണ് അദ്ദേഹത്തിന്റെ ബൂട്ടിൽ നിന്നും പിറന്നത്.
ഇതിനുശേഷവും നിരന്തരം ആക്രമണങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തി.മത്സരത്തിൽ ഒരുപാട് ഗോളവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്ക്, മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ഒരു സുവർണ്ണാവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ച് ചെന്നൈ പ്രതിരോധത്തെ കബളിപ്പിച്ച് ബോളുമായി മുന്നേറി സക്കായിലേക്ക് പന്ത് എത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തൊട്ട് മുന്നിലാണ് ഗോൾ പോസ്റ്റുള്ളത്.തളികയിലെന്ന വണ്ണമാണ് ഡ്രിൻസിച്ച് സക്കായുടെ മുന്നിലേക്ക് ആ ബോൾ വച്ച് നീട്ടുന്നത്.ജസ്റ്റ് ഫിനിഷ് ചെയ്താൽ മാത്രം മതി.വിജയവും മൂന്ന് പോയിന്റും കേരള ബ്ലാസ്റ്റേഴ്സിന്റെ കയ്യിലിരിക്കും.എന്നാൽ അത് മിസ്സായി..!
അദ്ദേഹത്തിന്റെ ടച്ച് ഒരല്പം ഹെവിയായിരുന്നു.ഫലമായി അത് പുറത്തേക്ക് പോവുകയായിരുന്നു. ആരാധകർ ഞെട്ടിത്തരിച്ചു. ഗോൾ എന്നുറച്ച അവസരമാണ് നഷ്ടമായിരിക്കുന്നത്.ഡ്രിൻസിച്ചിനും അത് വിശ്വസിക്കാനായില്ല. ജഴ്സി കൊണ്ട് തന്റെ മുഖം മറച്ചാണ് ആ നിരാശ അദ്ദേഹം മറച്ചുവെച്ചത്.സക്കായ് അവിശ്വസനീയതോടെ നിലത്തു കിടന്നു.അർഹിച്ച ഒരു വിജയം കേരള ബ്ലാസ്റ്റേഴ്സിന് കൈവിട്ടു പോവുകയായിരുന്നു.
പക്ഷേ ഒരു കാരണവശാലും ഇക്കാര്യത്തിൽ സക്കായ്യെ നമുക്ക് കുറ്റം പറയാൻ സാധിക്കില്ല.കാരണം അത് ആ നിമിഷത്തിൽ സംഭവിച്ചു പോകുന്നതാണ്.എത്ര മികച്ച താരത്തിനും അത് സംഭവിക്കാം. ആ നഷ്ടപ്പെടുത്തൽ കൊണ്ട് സക്കായ് ഒരിക്കലും മോശക്കാരനാവുന്നില്ല.ഫുട്ബോൾ മനോഹരമായ ഓർമ്മകൾ മാത്രം അടങ്ങിയതല്ല, മറിച്ച് ഇത്തരം കഠിനമായ കാര്യങ്ങൾ കൂടി ഉൾപ്പെടുന്നതാണ്.