കലിംഗ സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരം ഇന്നാണ് നടക്കുക. ആതിഥേയരായ ഒഡീഷയുടെ എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈ ഫൈനൽ മത്സരം അരങ്ങേറുക. കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
കരുത്തരായ മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തി കൊണ്ടാണ് ഒഡിഷ ഫൈനലിന് യോഗ്യത കരസ്ഥമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഒഡീഷ വിജയിച്ചിരുന്നത്. മത്സരത്തിന്റെ 44 മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി കൊണ്ടാണ് മൗറിഷിയോ ഒഡീഷക്ക് വിജയം സമ്മാനിച്ചിരുന്നത്.പക്ഷേ മത്സരത്തിന്റെ അവസാനം സംഘർഷ ഭരിതമായിരുന്നു.
മുംബൈ സിറ്റിയുടെ 3 താരങ്ങൾക്കാണ് റെഡ് കാർഡ് കണ്ട് പുറത്തു പോകേണ്ടിവന്നത്.ഗ്രിഫിത്ത്സ്,പെരേര ഡയസ്, എന്നിവർക്ക് പുറമേ ഗുർകീരത് സിങ്ങിനും റെഡ് കാർഡ് വഴങ്ങേണ്ടി വന്നിരുന്നു. ഇതോടുകൂടി ഇന്ത്യൻ ഫുട്ബോൾ ലോകത്ത് വിവാദങ്ങൾ കൊടുമ്പിരി കൊണ്ടു.കാര്യങ്ങൾ ഒഡീഷക്ക് അനുകൂലമായി കൊണ്ട് റഫറി വിധിച്ചു എന്ന ആരോപണങ്ങൾ ശക്തമായി. ആരോപണം ഉന്നയിച്ചു കൊണ്ട് തന്നെയാണ് ജോർഹെ പെരേര ഡയസിന്റെ ഭാര്യയായ മിലിയും രംഗത്ത് വന്നിട്ടുള്ളത്.
അതായത് കലിംഗ സൂപ്പർ കപ്പിനെ കോമാളികളുടെ സർക്കസ് എന്നാണ് അവർ വിശേഷിപ്പിച്ചത്. ഒഡീഷക്ക് കിരീടം നേടാൻ വേണ്ടി സെറ്റ് ചെയ്തു വെച്ചതാണ് ഈ ടൂർണമെന്റ് എന്നും അവർ ആരോപിച്ചു.അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ വാക്കുകൾ ഇപ്രകാരമാണ്. ഇതൊരു സർക്കസ്സായി മാറിയിട്ടുണ്ട്,ഒഡിഷ കിരീടം നേടാൻ വേണ്ടി മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതാണ് ഇത്,ഈ കപ്പ് വ്യാജമാണ്, തട്ടിപ്പാണ്, ഇതായിരുന്നു ഡയസിന്റെ ഭാര്യ ആരോപിച്ചിരുന്നത്.
ഏതായാലും മോശം റഫറിംഗിന് ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അത് അതിന്റെ പരിതാപകരമായ അവസ്ഥയിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. മുംബൈ സിറ്റിയിലെ പ്രതിസന്ധി അത് തുടരുകയാണ്.സ്റ്റുവർട്ട് ക്ലബ്ബ് വിട്ടതിന് പിന്നാലെ ഗ്രിഫിത്ത്സ് കൂടി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.