ദിമിത്രിയോസ് ഡയമന്റിക്കോസ് തന്നെയാണ് ഇപ്പോഴും ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാനപ്പെട്ട ചർച്ച വിഷയം. അദ്ദേഹത്തെക്കുറിച്ച് നിരവധി വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഏറ്റവും ഒടുവിലാണ് വിശ്വസനീയമായ ഒരു വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നത്. പ്രമുഖ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയായിരുന്നു ആ അപ്ഡേറ്റ് നൽകിയിരുന്നത്.
ദിമി ഈസ്റ്റ് ബംഗാളിന്റെ ഓഫർ സ്വീകരിച്ചു എന്നായിരുന്നു നേരത്തെ പുറത്തേക്ക് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ അത് പൂർണമായും മെർഗുലാവോ നിഷേധിച്ചിട്ടുണ്ട്.മറ്റൊരു റൂമർ മുംബൈ സിറ്റി താരത്തിനു വേണ്ടി ശ്രമിക്കുന്നു എന്നായിരുന്നു. അതും മെർഗുലാവോ നിഷേധിച്ചിരുന്നു.ചുരുക്കത്തിൽ ഈ രണ്ട് അപ്ഡേറ്റുകളും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമായിരുന്നു. കാരണം ദിമിയെ നഷ്ടമാവുക എന്നുള്ളത് അവർക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്.
എന്നാൽ ഇന്നലെ സന്തോഷകരമായ ഒരു വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കോൺട്രാക്ട്ട് ദിമി പുതുക്കി എന്നുള്ള വാർത്തയാണ് പുറത്തേക്ക് വന്നിട്ടുള്ളത്. ഗോവൻ ജേണലിസ്റ്റായ ക്ലിന്റൺ ഡിസൂസയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പക്ഷേ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.കൂടുതൽ ആധികാരികമായ വിവരങ്ങൾക്ക് നമ്മൾ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഈ റിപ്പോർട്ട് ഒരു ശുഭസൂചനയാണ് എന്ന് പറയേണ്ടി വരും.
കരാർ പുതുക്കാൻ വേണ്ടിയുള്ള പുതിയ ഓഫർ കേരള ദിമിക്ക് നൽകിയിട്ടുണ്ട് എന്ന് മറ്റു റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷേ അത് ഈ ഗ്രീക്ക് സൂപ്പർതാരം സ്വീകരിച്ചുവോ ഇല്ലയോ എന്ന കാര്യത്തിലാണ് ഇനി വ്യക്തതകൾ വരേണ്ടത്. ഏതായാലും താരത്തിന്റെ കാര്യത്തിൽ പോസിറ്റീവായ വാർത്തകൾ വരുന്നത് ആരാധകർക്ക് ഒരല്പം എങ്കിലും ആശ്വാസം നൽകുന്നുണ്ട്. നിലവിൽ താരത്തിന്റെ ഗോളടിയെ ആശ്രയിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നത്.