കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ നമുക്ക് പറയാൻ കഴിയും അത് ദിമിത്രിയോസാണ് എന്നുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനോട് ഇത്രയധികം ആത്മാർത്ഥതയുള്ള മറ്റൊരു താരം ഉണ്ടോ എന്ന് പോലും സംശയമാണ്.മത്സരത്തിന്റെ മുഴുവൻ സമയവും ഊർജ്ജസ്വലനായി നിലകൊള്ളുന്ന ദിമി ഏത് വിധേനയും ഗോളടിക്കാനും ടീമിനെ വിജയിപ്പിക്കാനും ശ്രമിക്കുന്ന ഒരു താരമാണ്.
അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലത്തെ മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ സമയത്തും ടീമിന് വേണ്ടി ഊർജ്ജത്തോടെ നിലകൊണ്ട താരം ദിമി മാത്രമാണ്.ഇന്നലെ അദ്ദേഹം രണ്ട് ഗോളുകളാണ് നേടിയത്.ബ്ലാസ്റ്റേഴ്സിനെ വിജയിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു.പക്ഷേ മറ്റുള്ള താരങ്ങൾക്കൊന്നും, പ്രത്യേകിച്ച് പ്രതിരോധനിര താരങ്ങൾക്കൊന്നും ആ ഊർജ്ജവം ആത്മാർത്ഥതയും ഇല്ലാത്തതുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.
ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ടോപ് സ്കോറർ ദിമിയാണ്.ഈ സീസണിൽ 12 ഗോളുകൾ അദ്ദേഹം ഇപ്പോൾ നേടിക്കഴിഞ്ഞു. ഓർക്കേണ്ട കാര്യം മധ്യനിരയിൽ അഡ്രിയാൻ ലൂണ ഇല്ലാഞ്ഞിട്ട് പോലും ദിമി തന്റെ ഗോളടി മികവ് തുടരുകയാണ്. ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഗോളടിക്കാൻ ദിമിയെ മാത്രമാണ് ആശ്രയിക്കുന്നത്. അദ്ദേഹം തന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടുകയാണ് ചെയ്യുന്നത്. ക്ലബ്ബിന് വേണ്ടി പട്ടിപ്പണി എടുത്തിട്ടും കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കാത്തതിൽ ദിമി വളരെയധികം നിരാശനാണ് എന്നാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത്.
അദ്ദേഹവുമായി ബന്ധപ്പെട്ട റൂമറുകൾ ഇന്നലെ തന്നെ വന്നു തുടങ്ങിയിട്ടുണ്ട്. അതായത് ഈസ്റ്റ് ബംഗാൾ എഫ്സി താരവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.ദിമിയെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളിന് വലിയ താല്പര്യമുണ്ട്. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആശങ്കപ്പെട്ടു. തുടർന്ന് പ്രധാനപ്പെട്ട ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോയോടും ഇക്കാര്യം ചോദിക്കപ്പെട്ടു.
അടുത്ത സീസണിൽ ദിമി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവില്ലേ എന്നായിരുന്നു ചോദ്യം. അക്കാര്യത്തിൽ തനിക്ക് ഉറപ്പ് പറയാൻ കഴിയില്ല എന്നാണ് മെർഗുലാവോ പറഞ്ഞിട്ടുള്ളത്. അതായത് ദിമി ക്ലബ്ബ് വിടാനുള്ള എല്ലാ സാധ്യതയും ഇവിടെയുണ്ട്.അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുകയാണ്.ഇത് പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടെങ്കിലും ദിമിയുടെ തീരുമാനം എന്താകും എന്നാണ് അറിയേണ്ടത്. അദ്ദേഹം ക്ലബ്ബ് വിട്ട് കഴിഞ്ഞാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് നികത്താൻ ആവാത്ത ഒരു വിടവ് തന്നെയായിരിക്കും.